രചനയെ ഇനി പ്രൊഫസര്‍ എന്ന് വിളിക്കണമെന്ന് മമ്മൂട്ടി; ഇതെങ്ങെനെ അറിഞ്ഞുവെന്ന് രചന
'രചന നാരായണന്‍ കുട്ടിയെ ഇനി പ്രൊഫസര്‍ എന്ന് വിളിക്കണം' മെന്ന് മമ്മൂട്ടി . ഇത് വാസ്തവമാണെന്നും ബെംഗളൂരുവിലെ ഒരു കോളേജില്‍ ഡാന്‍സ് പ്രൊഫസറായി അടുത്തിടെ ജോലിയില്‍ പ്രവേശിച്ചെന്നും രചന വ്യക്തമാക്കി. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും മമ്മൂട്ടി തന്ന ഉപദേശങ്ങള്‍ തനിക്ക് പാഠമായിട്ടുണ്ടെന്നും രചന വ്യക്തമാക്കി.
മലയാള താരസംഘടനയായ 'അമ്മ' സംഘടിപ്പിച്ച രണ്ട് ദിവസത്തെ നൃത്ത ശില്‍പശാലയായ 'അഭിനയ ഇന്റന്‍സീവ്'-ന്റെ സമാപന ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. അമ്മ കോംപ്ലക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്ക് മമ്മൂട്ടിയും ബേസില്‍ ജോസഫും സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു.
ഇതോടെ ഇതിന് മമ്മൂട്ടിയുടെ മറുപടിയുമെത്തി. 'ഇത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോള്‍ രചന ആലോചിക്കുന്നത്. ഞാന്‍ എല്ലാം അറിയുന്നുണ്ട്' എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്. ഇതും ഒരു ചെറുചിരിയോടെ രചന കേട്ടുനില്‍ക്കുന്നതും 'അമ്മ' യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.
ചില വ്യക്തികളുടെ സാന്നിധ്യം നമുക്ക് പ്രചോദനം നല്‍കുമെന്നും മമ്മൂക്ക സമാപന ദിവസം വരും എന്നത് സര്‍പ്രൈസ് ആയിരുന്നെന്നും രചന വ്യക്തമാക്കി. 'മമ്മൂക്ക വന്നതോടെ ഈ ശില്‍പശാലയുടെ ലക്ഷ്യം പൂര്‍ണമായെന്നാണ് ഞാന്‍ കരുതുന്നത്. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂക്ക ഒരു അദ്ഭുതമാണ്. ഓരോ ദിവസം അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറേ കാര്യങ്ങള്‍ മമ്മൂക്ക പലപ്പോഴായി പറഞ്ഞു തന്നിട്ടുണ്ട്. മമ്മൂക്കയ്ക്ക് ചിലപ്പോള്‍ അത് ഓര്‍മയുണ്ടാകില്ല. ഈ പഠനം മാത്രമല്ല ജീവിതത്തിലും നമ്മള്‍ പല കാര്യങ്ങളും പഠിക്കും എന്ന് മമ്മൂക്ക നേരത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എനിക്കും അതുപോലെ ഒരു ഉപദേശം കിട്ടിയിട്ടുണ്ട്. അത് ഞാന്‍ നിധി പോലെയാണ് സൂക്ഷിക്കുന്നത്. ജീവിതത്തില്‍ ചില കാര്യങ്ങള്‍ നേരിടുമ്പോള്‍ ആ ഉപദേശങ്ങള്‍ ഒരു പഠനമായി എടുക്കാന്‍ എനിക്ക് കഴിയാറുണ്ട്.'-രചന കൂട്ടിച്ചേര്‍ത്തു.