'എല്ലാവർക്കും അഭിനന്ദനങ്ങൾ'; ചലച്ചിത്ര പുരസ്കാര ജേതാക്കളെ ആശംസിച്ച് മമ്മൂട്ടി
സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള മത്സരത്തിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു.
ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്. ഞങ്ങൾ ആത്മാർഥമായി അങ്ങേയ്ക്ക് ലഭിയ്ക്കുമെന്ന് വിശ്വസിച്ചു, ഞങ്ങളുടെ മനസ്സിൽ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ് എന്നായിരുന്നു അതിലൊരു കമന്റ്. ജനങ്ങളുടെ സ്നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും പ്രതികരണമറിയിച്ചവരുണ്ട്.
ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയുമായിരുന്നു മികച്ച നടനുള്ള പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്നത്. ഒടുവിൽ പൃഥ്വിരാജ് മികച്ച നടനാവുകയായിരുന്നു. ദേശീയ പുരസ്കാരത്തിൽ കാന്താര എന്ന ചിത്രത്തിലൂടെ റിഷഭ് ഷെട്ടിയായിരുന്നു മമ്മൂട്ടിക്കൊപ്പം മത്സരത്തിനുണ്ടായിരുന്നത്. റിഷഭാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും.
അതേസമയം, മമ്മൂട്ടി നിർമിച്ച കാതൽ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ ചിത്രത്തിലൂടെ സുധി കോഴിക്കോടിന് പ്രത്യേക പരാമർശം ലഭിച്ചു. മികച്ച ചിത്രം, മികച്ച കഥ, പശ്ചാത്തലസംഗീതം എന്നിവയ്ക്കാണ് കാതലിന് ലഭിച്ച മറ്റുപുരസ്കാരങ്ങൾ.