ദക്ഷിണ നല്‍കാന്‍ പോലും പണം കടം വാങ്ങേണ്ടി വന്നു: മംമ്ത കുല്‍ക്കര്‍ണി

തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും അടുത്തിടെ സന്യാസം സ്വീകരിച്ച ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണി. പത്തുകോടി രൂപ നല്‍കിയാണ് കിന്നര്‍ അഖാഡയിലെ സന്യാസ ദീക്ഷ സ്വീകരിച്ചതെന്ന വാദങ്ങള്‍ക്കു മറുപടിയായാണ് താരത്തിന്റെ പ്രതികരണം. പത്തുകോടി പോയിട്ട് ഒരുകോടി പോലും തന്റെ പക്കലില്ല. കഴിഞ്ഞ 23 വര്‍ഷമായി താന്‍ തപസ് ചെയ്യുകയാണ്. എപ്പോഴും ആത്മീയപാത സ്വീകരിക്കാനാണ് ആഗ്രഹം. അതിനാലാണ് സിനിമയിലേക്ക് മടങ്ങിവരവില്ലെന്ന് തീരുമാനിച്ചതെന്നും നടി പറയുന്നു. ഇന്ത്യ ടിവിയുടെ ഒരു പരിപാടിക്കിടെയാണ് മംമ്ത കുല്‍ക്കര്‍ണിയുടെ പ്രതികരണം.
തന്റെ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ ചിതലരിച്ച് തകര്‍ന്ന നിലയിലാണ്. തന്റെ സാമ്പത്തിക പ്രതിസന്ധി വിവരിക്കാന്‍ പോലും കഴിയില്ലെന്നും താരം പറയുന്നു. സന്യാസ ജീവിതത്തെ കുറിച്ചും വേദ പഠനങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലിയായിരുന്നു അവരുടെ പ്രതികരണം.
മംമ്തയെയും ഗുരു ലക്ഷ്മി നാരായണ്‍ ത്രിപാഠിയെയും കിന്നര്‍ അഖാഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലവും രാജ്യദ്രോഹ കുറ്റവും പശ്ചാത്തലമായുള്ള ഒരാള്‍ക്ക് ദീക്ഷ നല്‍കാനാകില്ലെന്ന് സന്യാസിമാര്‍ നിലപാടെടുത്തതോടെയാണ് ഇരുവരെയും പുറത്താക്കിയത്.
മഹാ കുംഭമേളയ്ക്കിടെ താന്‍ സന്യാസം സ്വീകരിക്കുകയാണെന്നും ഇനിമുതല്‍ മാ മംമ്ത നന്ദിരി എന്ന പേരിലാകും അറിയപ്പെടുകയെന്നും നടി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. 1990കളില്‍ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച താരമാണ് മംമ്ത കുല്‍ക്കര്‍ണി. ഗ്രാമര്‍ വേഷങ്ങളിലൂടെ യുവാക്കളുടെ ഹരമായിരുന്നു ഇവര്‍.