താൻ ആഗ്രഹിച്ച പ്രകടനം ലഭിക്കാൻ കെട്ടിടത്തിൽനിന്ന് താഴേക്കെറിയുമെന്ന് അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്: മണിരത്നം

37 വർഷത്തെ ഇടവേളക്ക് ശേഷം കമല ഹാസനും മനിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒട്ടേറെ മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം. അദ്ദേഹത്തിന്റെ പേരിലൂടെ തന്നെ സിനിമക്ക് ഒരു പ്രത്യേക ഗ്യാരണ്ടി ലഭിക്കും. അത്രക്കുണ്ട് മണിരത്നം എന്ന സംവിധായകന്റെ കലാവൈഭവം.

ഇപ്പോഴിതാ, താൻ ആഗ്രഹിച്ച പ്രകടനം ലഭിക്കാൻ കെട്ടിടത്തിൽനിന്ന് താഴേക്കെറിയുമെന്ന് അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയാണ് മണിരത്നം. 'തഗ് ലൈഫ്' പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മണിരത്നം രസകരമായ സംഭവം ഓർത്തെടുത്തത്.

താൻ ആഗ്രഹിച്ചത് ലഭിക്കാൻ അഭിനേതാക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന സംവിധായകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മണിര്തനം. എല്ലാവരോടും താൻ അങ്ങനെയല്ലെന്ന് പറഞ്ഞായിരുന്നു മണിരത്നം മറുപടി ആരംഭിച്ചത്. 'ചില ആളുകളെ നിങ്ങൾക്ക് ഭീഷണിപ്പെടുത്തേണ്ടിവരും. ഞാൻ ചോദിക്കുന്നത് ചെയ്‌തില്ലെങ്കിൽ നാലാം നിലയിൽനിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവയസ്സുള്ള കുട്ടികൾക്ക് അസമയത്ത് ജോലി ചെയ്യാമെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചില അഭിനേതാക്കളോട് ചോദിക്കേണ്ടിവരും. എല്ലാത്തിനും ഒരൊറ്റ പരിഹാരമില്ല', എന്നായിരുന്നു മണിരത്നത്തിന്റെ വാക്കുകൾ.

അതേസമയം, നടീനടന്മാർക്ക് അഭിനയിച്ചുകാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ലെന്നും മണിരത്നം പറഞ്ഞു. നല്ലൊരു അഭിനേതാവിന് അത് അപമാനമായി തോന്നും. സംവിധായകനെ പൂർണ്ണമായി വിശ്വസിക്കുന്ന അഭിനേതാവാണ് കമൽ ഹാസനെന്നും മണിരത്നം അഭിപ്രായപ്പെട്ടു.

Related Articles
Next Story