മീനൂട്ടിയുമായി വിവാഹം ഉറപ്പിച്ചു, അനുപമയുമായി പ്രണയം; ഞാനൊന്ന് ജീവിച്ച് പൊക്കോട്ടെ: മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷിന്റെ ആദ്യ സിനിമ ‘കുമ്മാട്ടിക്കളി’ തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇതിനിടെ നടൻ നൽകിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്കെ’ എന്ന ചിത്രത്തിലും മാധവ് അഭിനയിക്കുന്നുണ്ട്. തന്റെ പേരിൽ എത്തിയ ഗോസിപ്പുകളെ കുറിച്ചാണ് മാധവ് ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.
അടുത്ത സുഹൃത്തും നടിയുമായ സെലിൻ ജോസഫുമായി മാധവിന്റെ വിവാഹം ഉറപ്പിച്ചു എന്നായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് എത്തിയ ഗോസിപ്പ്. ഇത് കൂടാതെ നടി അനുപമ പരമേശ്വരൻ, മീനാക്ഷി ദിലീപ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോഴും മാധവിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.
”ഞാൻ അവസാനം മെസേജ് അയച്ചത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ്. അത് മറ്റാരുമല്ല… മീഡിയക്കാർ എന്നെ കൊണ്ട് നാല്, അഞ്ച് തവണ വിവാഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്. എന്ത് മെസേജാണ് അവൾക്ക് അയച്ചതെന്ന് പക്ഷെ കാണിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെലിൻ. അവിടെ വെച്ച് നിർത്തുന്നു.”
”പിന്നെ എന്നെ നാട്ടിലെ എലിജിബിൽ ബാച്ച്ലറായിട്ടാണ് മാധ്യമങ്ങൾ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. ആദ്യം അനുപമയുമായി ഫോട്ടോയിട്ടപ്പോൾ എനിക്ക് അനുപമയോട് പ്രേമമാണെന്ന് വാർത്ത വന്നു. അനുപമ എന്റെ നല്ല സുഹൃത്താണ്. സിനിമയിലൊക്കെ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുള്ളയാളാണ്.”
”പിന്നെ മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു. അങ്ങനെ രണ്ട് മൂന്ന് വർഷം പോയി. ഒരുപാട് സുഹൃത്തുക്കൾ ഉള്ളയാളല്ല ഞാൻ. എനിക്കുള്ള സുഹൃത്തുക്കളിൽ നല്ല സുഹൃത്താണ് സെലിൻ. അതുകൊണ്ടാണ് എന്റെ ജെനുവിൻ ഫീലിങ്സ് വെച്ച് അവൾക്ക് ഞാൻ പിറന്നാൾ ആശംസ ഇട്ടത്.”
”അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു. എന്റെ വീട്ടുകാർ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ നമുക്ക് അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിക്കാം. സിംഗിളാണ് മിംഗിളാകാൻ താൽപര്യമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഞാൻ ഒന്ന് ജീവിച്ച് പൊക്കോട്ടെ” എന്നാണ് മാധവ് പറയുന്നത്.