സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് തീർത്ത് പറഞ്ഞ് മോഹൻലാൽ; ചർച്ചകളും തർക്കങ്ങളുമായി 'അമ്മ' ജനറൽ ബോഡി യോഗം

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ താരസംഘടനയായ അമ്മയിൽ തർക്കങ്ങളും സംശയങ്ങളും തുടരുന്നു. എന്നാൽ മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെയും ഭരണ സമിതി അംഗങ്ങളെയും തെരഞ്ഞെടുക്കാനാണ് തീരുമാനം. അതുവരെയും നിലവിലെ അഡ്‌ഹോക് കമ്മിറ്റി തുടരുമെന്ന് ഞായറാഴ്ച്ച നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി.
നിരവധി തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് പുതിയ ഭരണസമിതിക്കായി തെരഞ്ഞടുപ്പ് നടത്താൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായത്. തെരഞ്ഞെടുപ്പിലേക്ക് കടക്കാതെ നിലവിൽ അഡ്‌ഹോക് കമ്മിറ്റിയിൽ ഉള്ള അംഗങ്ങളെ പുതിയ ഭരണ സമിതിയിലേക്ക് തീരുമാനിക്കുമെന്നുൾ മോഹൻലാൽ പ്രസിഡന്റായി തുടരുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രസിഡന്റ സ്ഥാനത്തേക്ക് ഇല്ല എന്ന് മോഹൻലാൽ തീർത്ത് പറഞ്ഞതോടെ അത് വലിയ ചർച്ചയായി മാറുകയായിരുന്നു.
സംഘടനയിലെ ഒരു വലിയ വിഭാഗം താരങ്ങളും മോഹൻലാൽ പ്രസിഡന്റായി തുടരണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. 20ഓളം പേർ ജനറൽ ബോഡിയിൽ മോഹൻലാലിനു വേണ്ടി ശക്തമായി വാദിച്ചു. മോഹൻലാലിനെപ്പോലെയുള്ള ഒരു ഗജവീരനാണ് അമ്മയുടെ പ്രസിഡന്റാകേണ്ടതെന്നു സുരേഷ് ഗോപി പ്രതികരിച്ചു. മോഹൻലാൽ തുടരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ അംഗങ്ങൾ ഏക സ്വരത്തിൽ പ്രതിഷേധിക്കുന്ന സാഹചര്യം പോലുമുണ്ടായി. ചിലർ വൈകാരികമായി തന്നെ പ്രതികരിക്കുകയും ചെയ്തു എന്നാണ് വിവരം. എന്നാൽ നിലപാട് മാറ്റാൻ മോഹൻലാൽ തയാറായ തിരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകൾ നേതൃത്വത്തിലുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് വിവരം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റി 3 മാസം കൂടി തുടരാനും അതിനു ശേഷം തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്.
താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹൻലാൽ നിലപാടെടുത്തു. അംഗങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതം - ലാൽ പറഞ്ഞു.