മോഹൻലാലിന് കടുത്ത പനി ബാധിച്ച് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലാണ് പോലീസ് സ്റ്റേഷൻ ഫൈറ്റ് ഷൂട്ട് ചെയ്തത്

എല്ലാക്കാലത്തും മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾക്ക് വിസിലടിച്ചിട്ടുള്ളവരാണ് മലയാളികൾ. തിയേറ്ററിൽ വിജയഗാഥ തുടരുന്ന മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ പുതിയ ചിത്രം 'തുടരും' എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും അത്തരത്തിൽ ആവേശം കൊള്ളിച്ചതാണ്.
ചിത്രത്തിലെ പോലീസ് സ്റ്റേഷന് ഉള്ളിലെ ആ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്തത് മോഹൻ ലാൽ കടുത്ത പനി നേരിട്ടിരുന്ന അവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ നിർമ്മാതാവ് എം രഞ്ജിത്.
''ആ രംഗങ്ങൾ എടുക്കുന്ന സമയത്ത് ചേട്ടൻ ( മോഹൻ ലാൽ) ബിഗ്ബോസ് ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. 5 ദിവസമെങ്കിലും തുടർച്ചയായി എടുത്താൽ മാത്രമേ ഫൈറ്റ് തീരു. ഫൈറ്റ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ചേട്ടന് ( മോഹൻലാൽ) കടുത്ത പനി ആയി. എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായി. അപ്പോൾ ഞാൻ പറഞ്ഞു ഷൂട്ടിങ് തൽക്കാലത്തേക്ക് നിർത്തി വക്കാം''
എന്നാൽ മോഹൻലാൽ അതിന് അനുവദിച്ചില്ലെന്നും ബിഗ്ബോസിന്റെ ഷൂട്ടിങ് ഉണ്ടെന്നും അത് കഴിഞ്ഞ് താൻ തിരികെ വരുന്നത് വരെ കാത്തിരുന്നാൽ നിർമ്മാതാവെന്ന നിലയിൽ വലിയ നഷ്ടം രഞ്ജിത്തിന് നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഹൈഡോസ് മരുന്നുകൾ കഴിച്ച് മോഹൻലാൽ ഷൂട്ടിംഗ് പെട്ടെന്ന് തീർക്കുകയായിരുന്നു എന്നും രഞ്ജിത് പറയുന്നു. 12.30 യുടെ ഫ്ലൈറ്റിൽ പോകേണ്ടിയിരുന്നിട്ടും 9 മണി വരെയും വയ്യാത്ത അവസ്ഥയിലും ഷൂട്ട് ചെയ്യാൻ തയ്യാറായ ആളാണ് മോഹൻ ലാൽ എന്നും രഞ്ജിത് പറയുന്നു.
കടുത്ത പനിയിൽ ഷൂട്ട് ചെയ്തിട്ടുപോലും ആ ഫൈറ്റ് രംഗങ്ങളിലൊന്നും തന്നെ അത് ഒരു രീതിക്കും ബാധിച്ചില്ല എന്നും രഞ്ജിത് വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞത്.