എന്റെ മക്കൾ ഞാൻ ഒഴിക്കെ ബാക്കി എല്ലാവരുടെയും ഫാൻ ആണ്: ടൊവിനോ
തന്റെ മക്കൾ ‘രംഗണ്ണന്റെ’ കടുത്ത ആരാധകരാണെന്ന് നടൻ ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിനിടെ ഫഹദ് ഫാസിലിൽ നിന്നും എന്തെങ്കിലും മോഷ്ടിക്കാൻ അവസരം കിട്ടിയാൽ എന്ത് മോഷ്ടിക്കുമെന്ന് ചോദിച്ചപ്പോൾ ആയിരുന്നു ടൊവിനോയുടെ മറുപടി.
ഫഹദിന്റെ കണ്ണാകും മോഷ്ടിക്കുക എന്നാണ് ടൊവിനോ പറഞ്ഞത്. നല്ല കണ്ണ് ഉണ്ടാവുകയും അത് നന്നായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്ലസ്. എന്റെ കണ്ണ് അത്ര വലുതൊന്നുമല്ല. അതുകൊണ്ട് തന്നെ ഉള്ളത് വെച്ച് എന്തൊക്കെ ചെയ്യാമെന്ന പരിപാടിയിലാണ്. ശരിക്കും നമ്മുടെ കണ്ണുകളിലൂടെയാണല്ലോ നമ്മൾ എല്ലാം എക്‌സ്പ്രസ് ചെയ്യുന്നത് എന്നാണ് ടൊവിനോ പറഞ്ഞത്.
പിന്നീടാണ് തന്റെ മക്കൾ രണ്ടുപേരും രംഗണ്ണൻ ഫാൻസാണെന്ന കാര്യം ടൊവിനോ പറയുന്നത്. ഞങ്ങൾ വെക്കേഷന് പോയ സമയത്ത് രണ്ട് പിള്ളേരും തലങ്ങും വിലങ്ങും നിന്ന് രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് ബഹളമായിരുന്നു. ജപ്പാനിലുള്ള സമയത്ത് ഞാൻ എന്നിട്ട് വിളിച്ചു. പക്ഷെ കിട്ടിയില്ല. ശേഷം ഞാൻ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് അയച്ചു, ഇവിടെ രണ്ട് രംഗണ്ണൻ ഫാൻസുണ്ടെന്നും പറഞ്ഞ്.
അപ്പോൾ പുള്ളി തിരിച്ച് എടാ മോനെ… എന്നൊക്കെ വിളിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്ത് അയച്ച് തന്നു. സിനിമാ നടൻ എന്നുള്ള കൺസിഡറേഷനൊന്നും എനിക്ക് എന്റെ വീട്ടിൽ കിട്ടാറില്ല. ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും സിനിമാ നടന്മാരാണ്. എനിക്ക് ഒരു രീതിയിലും പക്ഷെ വീട്ടിൽ അത് കിട്ടാറില്ല. മക്കൾ ബാക്കി എല്ലാ താരങ്ങളുടെയും ഫാനാണ്.
ആവേശം കണ്ടശേഷം കുറച്ചുനാൾ മക്കൾ രംഗണ്ണൻ ഫാൻസായിരുന്നു. എടാ മോനെ എന്നൊക്കെ പിള്ളേരും വീട്ടിൽ ഇടയ്ക്കിടെ പറഞ്ഞ് നടക്കുന്നത് കാണാം. ഞാനും ഇടയ്ക്ക് അവരോട് രംഗണ്ണൻ ചോദിക്കുന്നത് പോലെ മക്കളെ ഹാപ്പിയല്ലേ എന്നൊക്കെ ചോദിക്കാറുണ്ട് എന്നും ടൊവിനോ പറഞ്ഞു.