നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു? വിവാഹനിശ്ചയം ഇന്ന്? അഭ്യൂഹം
തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും ഡേറ്റിങിലാണെന്ന ഊഹാപോഹങ്ങൾ സിനിമലോകത്ത് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ആഘോഷ ചിത്രങ്ങളും പുറത്തുവന്നതോടെ സംശയം ബലപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും വിവാഹ നിശ്ചയം നടക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാഗചൈതന്യയുടെ വീട്ടിൽ വച്ചായിരിക്കും ചടങ്ങ് നടക്കുക എന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,.അതേസമയം ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നാഗചൈതന്യയുടേയും സാമന്തയുടേയും. വിവാഹശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന് സാമന്ത പേരിനൊപ്പം ചേർത്തിരുന്നു. ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതോടെയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായത്.
ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാർത്തകൾ പുറത്തുവന്നത്. ബോളിവുഡ് താരമായ ശോഭിത മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന ചിത്രത്തിലെ നായിക വേഷം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.