'കൂലി'യിലെ സൈമൺ ആയി നാഗാർജുന; വീണ്ടും തമിഴിലേക്ക്
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിൽ സുപ്രധാനമായൊരു വേഷത്തിൽ നാഗാർജുനയുമുണ്ടാകും. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഒരു സർപ്രൈസ് പ്രഖ്യാപനമായിട്ടായിരുന്നു വാർത്ത വന്നിരിക്കുന്നത്. താരം വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോവുന്നു. ഇതാദ്യമായാണ് രജനിയും നാഗാർജുനയും ഒന്നിക്കുന്നത്.
സൈമൺ എന്ന കഥാപാത്രത്തെയാണ് കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മാസ് ലുക്കിലുള്ള നാഗാർജുനയേയാണ് പോസ്റ്ററിൽ കാണാനാവുക. സ്വർണനിറത്തിലുള്ള ഒരു വാച്ചിലേക്ക് നോക്കി നിൽക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞദിവസം ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ, ദയാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗബിൻ ഷാഹിറിന്റേതായിരുന്നു. ഈ കഥാപാത്രവും ഒരു വാച്ചിലേക്ക് നോക്കുന്നതായാണ് പോസ്റ്ററിൽ കാണിച്ചിരുന്നത്.
നാഗാർജുന കൂലിയിൽ വേഷമിട്ടേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തൊട്ടുപിന്നാലെ താരം ഈ വേഷം നിരസിച്ചതായും പകരം കന്നഡ സൂപ്പർതാരവും സംവിധായകനുമായ ഉപേന്ദ്ര ഈ വേഷത്തിലേക്കെത്തുമെന്ന് വാർത്തകൾ വന്നു. എന്നാൽ ഇത്തരം ഊഹാപോഹങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ കൂലിയിലെ നാഗാർജുനയുടെ സാന്നിധ്യം ലോകേഷ് കനകരാജ് തന്നെ സ്ഥിരീകരിച്ചത്.
ശ്രുതി ഹാസൻ, സത്യരാജ്, മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്. ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തിലെത്തുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം രജനികാന്തും ആമിർ ഖാനും ഒരുമിക്കുന്ന ചിത്രമാവും കൂലി.