അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ?: വിമർശനങ്ങൾക്ക് മറുപടി നൽകി നവ്യ
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ധനസഹായം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി നവ്യ നായർ. ‘‘അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?’’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ. നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ’’ എന്നാണ് നവ്യ മറുപടി നൽകിയത്. നവ്യയുടെ മറുപടിക്കു കയ്യടിയുമായി നിരവധിപ്പേർ എത്തി.
ദുരിത ബാധിതർക്കുള്ള സംഭാവന നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് കൈമാറിയത്. കുമളിയില്‍ പുതിയ സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ നവ്യ. ഒരു ലക്ഷം രൂപ ആണ് നടി ദുരിതാശ്വാസനിധിയിലേക്കു നൽകിയത്.
‘‘ഞാൻ കുമളിയിൽ ഷൂട്ടിലാണ് എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർഥനയോടെ..ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.’’–നവ്യ നായർ മറുപടിയായി കുറിച്ചു.