ഒരു ചാക്ക് പൈസയുമായി വന്ന് ആരാധകൻ; ചതി മനസിലായത് പിന്നീട്
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിയ്ക്കുന്ന ഹാസ്യ കലാകാരനാണ് നസീർ സംക്രാന്തി. സിനിമയിലും ടെലിവിഷനിലും മോശമല്ലാത്ത റോൾ കൈകാര്യം ചെയ്യുന്ന നസീർ ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായും സജീവമാണ്.ഇതിനു മുമ്പ് താരം
വിവിധ സ്റ്റേജ് പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യമായിരുന്നു.അത്തരത്തിൽ വിദേശത്ത് ഒരു പരിപാടിയ്ക്ക് പോയപ്പോൾ ചാക്ക് നിറയെ പണം കിട്ടിയ ഒരു അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം.
ഒരിക്കൽ തന്റെ പരിപാടി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് കാണികളിൽ നിന്നൊരു ആരാധകൻ പാരിതോഷികമായി പണം തന്നു. എന്നാൽ അതിന് പിന്നിലെ ചതി തിരിച്ചറിഞ്ഞത് നാട്ടിലെത്തിയതിന് ശേഷമാണെന്നാണ് ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കവേ നസീർ പറഞ്ഞത്.മസ്കറ്റിലെ സലാല എന്ന സ്ഥലത്താണ് പരിപാടിയ്ക്ക് പോയത്. അവിടെ നിന്നും ഒരു ആരാധകൻ എന്നെ കാണാൻ വന്നു. അദ്ദേഹത്തിന്റെ കൈയ്യിൽ കുറേ നോട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹം ഒരുപാട് ടിവി പരിപാടി കാണുന്നതാണെന്നും എന്നെ ഭയങ്കര ഇഷ്ടമാണെന്നും പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന പൈസ എനിക്ക് തന്നു. ഒത്തിരി പണം ഉണ്ടത്.
അവിടുത്തെ പൈസ ആയത് കൊണ്ട് എത്രയുണ്ടെന്ന് ഒന്നും എനിക്കറിയില്ല. മാത്രമല്ല ഞാനത് കൂടെ ഉണ്ടായിരുന്ന ആരോടും പറയാതെ കൈയ്യിൽ ഇറുക്കി പിടിച്ചു. റൂമിൽ വന്ന് നോക്കുമ്പോൾ ഇരുപത്തിയയ്യിരം, പതിനായിരം, തുടങ്ങി വലിയ നോട്ടുകളാണ്. ചില ആരാധകർ വാരിക്കോരി തരും. വർഷങ്ങളായി അവിടെ ജോലി നോക്കുന്ന ആളായിരിക്കുമെന്നാണ് ഞാൻ കരുതിയത്.
അങ്ങനെ അവിടുത്തെ പരിപാടിയ്ക്ക് കിട്ടിയ പണം കൊണ്ട് ഞാൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി. ഇത്രയും കാശ് വേറെ കൈയ്യിലുണ്ടല്ലോ എന്ന് കരുതിയാണ് ഉണ്ടായിരുന്ന പൈസ കൊണ്ട് സോഫും ചീപ്പും മുട്ടായികളുമൊക്കെ വാങ്ങിയത്. മാത്രമല്ല ഈ ഷോ കഴിയുമ്പോൾ ഭാര്യയ്ക്കൊരു മാല വാങ്ങി കൊടുക്കാമെന്നും ഞാൻ പറഞ്ഞിരുന്നു. പിറ്റേന്ന് തന്നെ ഭാര്യയെ കൂട്ടി അത് വാങ്ങാൻ പോകാമെന്നും പറഞ്ഞു.
നാട്ടിലെത്തി കഴിഞ്ഞിട്ട് സ്ഥിരമായി ഞാൻ പൈസ മാറ്റി മണി എക്സേഞ്ച് ചെയ്യുന്ന ഒരാളുണ്ട്. പുള്ളിയുടെ കൈയ്യിൽ കൊടുക്കുകയാണെങ്കിൽ കുറച്ച് കൂടുതൽ കിട്ടുകയും ചെയ്യും. പുള്ളിയെ വിളിച്ചിട്ട് കുറച്ചേറെ പൈസയുണ്ട്, ഞെട്ടരുത്. അങ്ങോട്ട് വരാൻ പറ്റില്ല. വീട്ടിലോട്ട് വരാൻ പറഞ്ഞു. അവരൊരു വണ്ടിയും വിളിച്ച് വന്നു.
വീട്ടിലൊരാൾ വരുമ്പോൾ വെറുതേ വിടാൻ പറ്റില്ലല്ലോ എന്ന് കരുതി രാവിലെ പോയി രണ്ട് കിലോ മട്ടനൊക്കെ വാങ്ങി ബിരിയാണി ഉണ്ടാക്കി. അവർക്ക് കൊടുത്തു. ശേഷം ഇനിയെന്നാൽ പൈസ എടുക്ക് പോയിട്ട് ധൃതിയുണ്ടെന്ന് പറഞ്ഞു. ഞാൻ ഈ പൈസ എടുത്ത് കൊടുത്ത് എണ്ണി നോക്കുമ്പോൾ ഒന്നര, രണ്ട് ലക്ഷം രൂപയുടെ അടുത്തുണ്ട്. പക്ഷേ അവർ എല്ലാം കൂടി കൂട്ടി നോക്കിയിട്ട് പറഞ്ഞു ഇത് തൊള്ളയിരത്തി പതിനഞ്ച് രൂപയുണ്ടെന്ന്.
സത്യത്തിൽ എനിക്ക് കിട്ടിയത് ഇറാഖിലെ പൈസ ആയിരുന്നു. അവിടെ ഒരു ചാക്ക് പൈസയുമായി ചെന്നാൽ ഒരു സഞ്ചി സാധനമേ കിട്ടുകയുള്ളു. അത്രയും വാല്യൂ ഉള്ള പൈസയാണ്. എനിക്കിത് അറിയില്ലായിരുന്നു. അവന്റെ കൈയ്യിൽ ഒരു ശല്യം പോലെ ഉണ്ടായിരുന്നത് എന്റെ തലയിൽ കെട്ടി ഏൽപ്പിച്ചതാണ്. മട്ടനും ബിരിയാണിയുമൊക്കെ ഉണ്ടാക്കി എന്റെ പത്ത് മൂവായിരം രൂപയും പോയി, കാറ് വിളിച്ച് വന്നവന് ആ കാശും പോയി. ഒടുവിൽ അയാളുമായിട്ടുള്ള എല്ലാ ബന്ധവും ഇതോട് കൂടി അവസാനിച്ചെന്നും നസീർ പറഞ്ഞു.