എ.ആർ.എമ്മിനെ പ്രശംസിച്ച് നീരജ് മാധവ്
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് അജയൻറെ രണ്ടാം മോഷണം. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയാണ് ചിത്രം മുന്നേറുന്നത്. ഇതുവരെ ലോകമെമ്പാടും 60 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് വിവരം. മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തിയ ടൊവിനോ തോമസിൻറെ പ്രകടനത്തെ പ്രശംസിച്ച് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ചിത്രം കുറച്ചുകൂടി ചർച്ചയാകണമെന്ന് പറയുകയാണ് നടനായ നീരജ് മാധവ്. ചിത്രത്തിന്റെ വിജയത്തിൽ സംവിധായകനെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച നീരജ് ചിത്രം ആഘോഷിക്കപ്പെടണം എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുറുപ്പിന്റെ പൂർണ്ണ രൂപം:
‘ജിതിൻ, എനിക്ക് നിന്നെ കുഞ്ഞിരാമായണം മുതൽ പരിചയമുള്ളതാണ്. ബേസിലിന്റെ അസിസ്റ്റന്റ് ആയിരിക്കുമ്പോൾ തന്നെ ആദ്യം സ്വതന്ത്ര സംവിധായകനാകുന്നത് നീ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു നീണ്ട യാത്രയായിരുന്നു എന്നാൽ ഒടുവിലതിന് ഫലമുണ്ടായിരിക്കുന്നു. എ.ആർ.എമ്മിലൂടെ നീ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം പോകുകയും ചിത്രത്തിനെ വേറെയൊരു ഘട്ടത്തിലേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നു. ഇതൊരു തുടക്കകാരൻറെ ചിത്രമെന്നൊരു തോന്നൽ ഒരു തരത്തിലും എനിക്ക് തോന്നിയില്ല. വളരെ മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ചിത്രമാണ് എ.ആർ.എം. എനിക്ക് തോന്നുന്നത് കുറച്ചുകൂടി ആളുകൾ ആഘോഷിക്കേണ്ടതും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ചിത്രമാണ് എ.ആർ.എം എന്ന്. നിനക്ക് കൂടുതൽ വിജയങ്ങൾ നേരുന്നു’ നീരജ് മാധവ് കുറിച്ചു.
ടൊവിനോയുടെ ഏറ്റവും വലിയ സോളോ ഹിറ്റ് ആയ തല്ലുമാലയെ തകർത്താണ് എ.ആർ.എം കുതിക്കുന്നത്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 50 കോടി കടന്നത്.