നോ പറയണം, സിനിമ ഇല്ലെങ്കിൽ വീട്ടു ജോലിക്ക് പോയാണെങ്കിലും ജീവിക്കും: നിഷ സാരംഗ്
ചൂഷണം ചെയ്യാൻ വരുന്നവരോട് നോ പറയാൻ പഠിച്ചാൽ ചതിയിലും, അബദ്ധത്തിലും പോയി വീഴില്ലെന്ന് നടി നിഷ സാരംഗ്. നോ പറഞ്ഞാൽ അവസരങ്ങൾ പോകുന്നെങ്കിൽ പോകട്ടെ എന്ന് നിഷ സാരംഗ് പറഞ്ഞു. ചതിക്കുഴികളിൽ പോയി ചാടാതിരിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്. സിനിമയിൽ അഭിനയിക്കാൻ വരുന്നതിന് മുൻപ് തന്നെ പത്തു വീട്ടിൽ പാർട്ട്ടൈം ജോലി ചെയ്തതാണെങ്കിലും താൻ ജീവിക്കും എന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നും അതുകൊണ്ടു അവസരങ്ങൾ നഷ്ടപ്പെടുമെന്ന് പേടിയില്ലെന്നും നിഷ സാരംഗ് പറഞ്ഞു.
‘‘നോ പറയാൻ പഠിച്ചാൽ നമ്മൾ ഒരു ചതിയിലും അബദ്ധത്തിലും പോയി ചാടില്ല. അബദ്ധത്തിൽ പോയി ചാടി കഴിഞ്ഞിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചാടാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. നോ പറഞ്ഞാൽ അവസരങ്ങൾ പോകുന്നെങ്കിൽ പോകട്ടെ എന്ന് വക്കണം അതിനെ അതിന്റെ വഴിക്ക് വിടുക.
നമുക്ക് ജീവിക്കണം, നമ്മൾ തൊഴിലിനു വേണ്ടി അപേക്ഷിച്ചു, നമ്മളോട് അവർ വേറെ കാര്യങ്ങൾ പറഞ്ഞു, നമുക്ക് താൽപര്യമില്ലെങ്കിൽ നമ്മൾ അപ്പൊ തന്നെ നോ പറഞ്ഞേക്കണം. നമ്മൾ വേറെ ജോലി അന്വേഷിച്ചു പോകണം, ലോകത്താണോ ജോലി ഇല്ലാത്തത്. പത്തു വീട്ടിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്ന് തീരുമാനം എടുത്തിട്ടാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയത്. അതുകൊണ്ടു നമുക്ക് നോ പറയാൻ പറ്റണം.’’– നിഷ സാരംഗ് പറഞ്ഞു.