'ധ്രുവ നച്ചത്തിരം' റിലീസ് ചെയ്യുന്നതുവരെ പുതിയ ചിത്രങ്ങൾ ഇല്ല': ഗൗതം വാസുദേവ് മേനോൻ

'ധ്രുവ നച്ചത്തിരം' റിലീസ് ചെയ്യുന്നതുവരെ പുതിയ സിനിമകളൊന്നും സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന് ഗൗതം വാസുദേവ് മേനോൻ. സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം 2025 ജൂലൈയിലോ ഓഗസ്‌റ്റിലോ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് എന്ന യൂട്യൂബർക്ക് നൽകിയ പോഡ്‌കാസ്റ്റിലാണ് ഗൗതം മേനോൻ ഈ തീരുമാനം അറിയിച്ചത്.ആരാധകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. എന്നാൽ ഗൗതം മേനോൻ വിക്രം കൂട്ടികെട്ടിലൊരുങ്ങിയ സ്പൈ ത്രില്ലർ 'ധ്രുവ നച്ചത്തിരം' പ്രതീക്ഷക്കൊപ്പം തന്നെ നിരാശകളാണ് പ്രേക്ഷകന്റെ കാത്തിരിപ്പിന് സമ്മാനിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കിടയിൽ വൻ ആവേശമായിരുന്നു സമ്മാനിച്ചത്. വമ്പൻ താരനിരയിൽ ഒരുക്കിയ ചിത്രത്തിൽ വിനായകനാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2017ൽ ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരുന്ന ചിത്രത്തിന്റെ റിലീസിന് ഇതിനോടകം തന്നെ പല തടസങ്ങളും നേരിട്ടിട്ടുണ്ട്. നിരവധി തവണ റിലീസ് തിയതികൾ പ്രഖ്യാപിച്ചെങ്കിലും അത് നടക്കാതെ പോയി.കഴിഞ്ഞ വർഷം ജനുവരിയിലും ഈ വർഷം തുടക്കത്തിലും ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഋതു വർമ്മ, സിമ്രാൻ, പാർത്ഥിബൻ, രാധിക ശരത്കുമാർ എന്നിവർക്കൊപ്പം ഗൗതം വാസുദേവും ചിത്രത്തിൽ വേഷം ചെയ്തിട്ടുണ്ട്. ഗൗതം വാസുദേവ് മേനോന്റെ വാക്കുകൾ ആരാധകർക്ക് വീണ്ടും വമ്പൻ പ്രതീക്ഷകളാണ് നൽകുന്നത്.