'മനപൂർവമായിരുന്നില്ല, മാപ്പുചോദിക്കുന്നു'; സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ വിമർശിച്ചതിൽ ക്ഷമാപണവുമായി ഡോ. ഫിലിപ്സ്
ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി സാമന്തയെ വിമർശിച്ച സംഭവത്തിൽ ക്ഷമാപണവുമായി ഡോ. സിറിയക്ക് എബി ഫിലിപ്സ് രംഗത്ത്. ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷന്റെ ഉപയോഗത്തെ കുറിച്ച് നടി സാമന്ത റൂത്ത് പ്രഭു അടുത്തിടെ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക്ക് എബി ഫിലിപ്സ് നടിയുടെ നിർദ്ദേശത്തെ വിമർശിക്കുകയും അവരെ “ആരോഗ്യ നിരക്ഷര” എന്ന് വിളിക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഡോ. ഫിലിപ്സ്.
“എന്റെ വാക്കുകൾ സാമന്തയെ വേദനിപ്പിച്ചെങ്കിലോ മോശമായി തോന്നിയെങ്കിലോ ഞാൻ മാപ്പു ചോദിക്കുന്നു. അതൊരിക്കലും മനപൂർവ്വമായിരുന്നില്ല. ഡോക്ടർമാരെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നവരെ പ്രതിരോധിക്കുക മാത്രമായിരുന്നു ലക്ഷ്യം,” ഡോക്ടർ ഫിലിപ്സ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ ചെയ്താൽ വൈറൽ അണുബാധയെ പ്രതിരോധിക്കാമെന്ന സാമന്തയുടെ വാക്കുകൾക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്നാൽ ലിവർ ഡോക്ടറിന്റെ വിമർശനത്തിന് സാമന്ത മറുപടിയും നൽകിയിരുന്നു. 25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സാരീതി നിർദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കി. തനിക്ക് ഫലം ചെയ്തൊരു രീതിയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചതെന്നും മറ്റുള്ളവരെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും അവർ പോസ്റ്റിൽ കുറിച്ചു.