ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് ഉർവശി- മോഹൻ ലാൽ കോമ്പോയ്ക്കായി.

ഇരുപതു വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ശോഭന ജോഡിയിൽ പിറന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളികളുടെ എക്കാലത്തെയും വിജയജോഡികൾ ഒന്നിച്ച ഫാമിലി ചിത്രം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മോഹൻ ലാൽ - ശോഭന കൊമ്പോ പോലെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കോമ്പോയാണ് മോഹൻലാൽ - ഉർവശി . ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു.
ശോഭനയുമായി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒന്നിച്ചപ്പോൾ ഉർവശിയുമായി ഇനി അങ്ങനൊരു ചിത്രത്തിന് സാധ്യതയുണ്ടോയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഒടുവിൽ ആരാധകരുടെ ചോദ്യം ഉർവശിയുടെ കാതുകളിലുമെത്തി.
'തുടരുവിൽ ശോഭന- മോഹൻലാൽ ജോഡികൾ ഒന്നിച്ചപ്പോൾ സന്തോഷം തോന്നി. സോഷ്യൽ മീഡിയയിലെ ചർച്ചകളൊക്കെ കാണാറുണ്ട്. പക്ഷെ നിലവിൽ അങ്ങനെയൊരു പ്രോജക്ട് ഇല്ല, തിരക്കും ഒപ്പം പ്രായം, നമുക്ക് അനുസരിച്ച കഥാപാത്രമായിരിക്കണം. എല്ലാം കൂടെ ഒത്തുവന്നാൽ ചെയ്യാവുന്നതാണ്. ലാലിന്റെ കൂടെ നേരത്തെ ചെയ്‌ത സിനിമകൾ എല്ലാം ഹിറ്റായിട്ടുണ്ട്. ഇനി ഒന്നിച്ചുള്ള ഒരു സിനിമ സംഭവിക്കുകയാണെങ്കിൽ അത് സന്തോഷം മാത്രമേയുള്ളു', എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ.