Ott യിലും രക്ഷയില്ല വിമർശനവും ട്രോളും നേടി തകർന്നടിഞ്ഞ് ദിലീപ് ചിത്രം ഭ ഭ ബ
ചിത്രം ജനുവരി 16 ന് ott റിലീസ് ചെയ്തിരുന്നു

നോ ലോജിക്, ഓൺലി മാഡ്നസ്’ എന്ന ടാഗ്‌ലൈൻ എന്തായാലും ചിത്രത്തിന് പൂർണമായും യോജിച്ചതാണെന്നാണ് ഭ ഭ ബയെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. അടുത്തകാലത്തൊന്നും മലയാളികൾ ഇത്രയും അസ്വാഭാവികമായൊരു സിനിമ കണ്ടിട്ടില്ല. വന്നവരും നിന്നവരും പോയവരുമെല്ലാം പ്രേക്ഷകരെ മടുപ്പിച്ച ചിത്രം എന്ന നിലയിലാണ് ഭ ഭ ബ ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. കംബാക്കിനായി എത്തിയ ദിലീപിന് ‘ഗോ ബാക്ക്’ ഒരുക്കിക്കൊടുത്ത സിനിമയെന്ന നിലയിലാണ് ഭ ഭ ബയെ പ്രേക്ഷകർ വിലയിരുത്തുന്നത്.
ഭയം, ഭക്തി, ബഹുമാനം എന്നതാണ് ഭ ഭ ബയുടെ പൂർണരൂപം. എന്നാൽ സിനിമ കണ്ട പ്രേക്ഷകർക്ക് ‘എത്രയും വേഗം തീർന്നാൽ മതി’ എന്നതായിരുന്നു പ്രധാന വികാരമെന്നും ലോജിക് ഇല്ലെങ്കിലും ഇത്രയൊക്കെ അവ്യക്തമായ സിനിമയെടുക്കാമോ എന്ന ചോദ്യവുമാണ് പ്രേക്ഷകർ ഉയർത്തുന്നത്.ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന ആത്മവിശ്വാസമായിരുന്നു തിരക്കഥാകൃത്ത് നൂറിനും നിർമാതാവ് ഗോകുലം ഗോപാലനും. പക്ഷേ റിലീസിന് പിന്നാലെ സിനിമ ട്രോളുകളുടെ ഇരയായി മാറി. മലയാളികൾ പേഴ്സണൽ അഹങ്കാരം എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാലിനെ വരെ എയറിൽ കയറ്റുകയാണെന്നായിരുന്നു ഈ സിനിമയെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ പറഞ്ഞത്. ഗില്ലി ബാലയായി എത്തിയ മോഹൻലാലിന്റെ ഐക്കോണിക് മാസ് രംഗങ്ങൾ ഉൾപ്പെടുത്തിയെങ്കിലും ഒന്നും വേണ്ടത്ര വർക്ക് ആയില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ‘വട്ടൻ’ ദിലീപിനെ കുറിച്ച് പറയാതിരിക്കുന്നതാവും നല്ലതെന്ന തരത്തിലുള്ള കമന്റുകളും വ്യാപകമാണ്. പണ്ട് വർക്ക് ആയ കോമഡികളും അന്ന് പോലും വർക്ക് ആവാതിരുന്ന കോമഡികളും വീണ്ടും വീണ്ടും റിപീറ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഒന്നും തന്നെ ഫലം കണ്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.ദിലീപിന്റെ എൻട്രി സീനിൽ തന്നെ കോമഡിയാക്കാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട് നിലത്ത് വീണുകിടക്കുന്ന ഒരു പഴത്തൊലി കാണിച്ച് ‘ഇപ്പോൾ അത് ചവിട്ടി വീഴും’ എന്ന് രണ്ടുപേർ പറയുന്ന രംഗം. എന്നാൽ ദിലീപിന്റെ കഥാപാത്രം അത് കണ്ടിട്ട് ‘ഇതെല്ലാം പഴയ കോമഡിയല്ലേ ഇനി ഇത് വാർക്കാവില്ല എന്ന് പറഞ്ഞ് വഴിമാറി നടക്കുന്നു. പക്ഷേ പ്രേക്ഷകർ പറയുന്നത്, അതേ പഴത്തൊലി തന്നെയായിരുന്നു നല്ലതെന്നാണ്. കാരണം, അതിന് ശേഷമുള്ള കോമഡികൾ പഴത്തൊലിയെക്കാൾ കഷ്ടമായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നു.
ചായക്കടയിൽ നിന്ന് വലിയ ഹീറോ സ്റ്റൈലിൽ വെള്ളമുണ്ടും ഷർട്ടും ധരിച്ച്, ഒരു ചായഗ്ലാസ് കൈയിൽ പിടിച്ച് റഡാർ നടന്നു വരുന്ന രംഗവും വലിയ ട്രോളുകൾക്ക് വഴിയൊരുക്കി. ചായഗ്ലാസ് ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട്, കാൽമുട്ട് മടക്കി ചൊറിഞ്ഞ് മാസ് ആയി നടക്കുന്ന ആ സീനിൽ തിയേറ്റർ കയ്യടിയോടെ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഉദ്ദേശം. എന്നാൽ പലരും ആ രംഗം കണ്ടപ്പോൾ ‘ഇവിടെ സിനിമ അവസാനിച്ചിരുന്നെങ്കിൽ മതിയായിരുന്നു’ എന്നാഗ്രഹിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക പ്രതികരണം.
ചായയേക്കാൾ പഴത്തൊലി തന്നെ മതിയായിരുന്നു,ശശി മാറി സോമനായപോലെ പഴത്തൊലി മാറി ചായഗ്ലാസ് കോമഡിയായി, ഇത്ര നിലവാരമില്ലാത്ത കോമഡി എവിടുന്ന് കിട്ടി,വെറുതെ ലാലേട്ടനെ കൂടി വലിച്ചിഴച്ചതെന്തിന്? ഫാസ്റ്റ് ഹാഫ് ബോറായിരുന്നു സെക്കൻഡ് ഹാഫ് അതിലും ബോറായിരുന്നു തുടങ്ങി നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.
