അമ്മ എന്താണെന്ന് അറിയില്ല, അതുകൊണ്ട് തന്നെ അത് വല്ലാത്തൊരു അനുഭവമായിരുന്നു: പാർവതി തിരുവോത്ത്
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.
മലയാളത്തിൽ നിന്നും പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഗമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതി എത്തുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“ഗംഗമ്മ ഗംഗമ്മയായത് തങ്കലാനിലെ കഥാപാത്രം ചെയ്യാൻ തുടങ്ങിയപ്പോഴല്ല. ഞാൻ അവരുടെ അമ്മയായി മാറുകയായിരുന്നു. ഒരു ദിവസം ഞാൻ എന്റെ കഥാപാത്രത്തിന്റെ ഏറ്റവും ചെറിയ കുട്ടിക്കൊപ്പമായിരുന്നു ചെലവഴിച്ചത്. അവന്റെ യഥാർത്ഥ അമ്മ അവന് കുടിക്കാൻ പാൽ കൊണ്ടുവന്നിരുന്നു. എന്നാൽ അവൻ കരയുകയായിരുന്നു. അതുകൊണ്ട് ഞാനാണ് അവന് പാൽ കൊടുത്തത്. പിന്നീട് ഞാനും പാ രഞ്ജിത്തും സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ഇതാണ് ഗംഗമ്മ, അവന്റെ അമ്മ എന്ന്.
അതിന് ശേഷം ഞാൻ രഞ്ജിത്തിനോട് ചോദ്യങ്ങൾ ചോദിച്ചിട്ടില്ല. എനിക്ക് മനസിലായി അവൾ ഒരമ്മയാണെന്ന്. എന്നെ സംബന്ധിച്ച് അമ്മ എന്താണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഇത് വല്ലാത്തൊരു അനുഭവമായിരുന്നു.” എന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ പാർവതി പറഞ്ഞത്.
ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.