അസാധ്യമെന്ന് പറഞ്ഞ സ്വപ്നം, ബ്ലെസിയുടെ നിശ്ചയദാർഢ്യമാണ് ആടുജീവിതം; പൃഥ്വിരാജ്
പലരും അസാധ്യമാണെന്ന് പറഞ്ഞ ബ്ലെസിയുടെ സ്വപ്‌നമായിരുന്നു ‘ആടുജീവിതം’ എന്ന് പൃഥ്വിരാജ്. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻ, സംവിധായകൻ, ജനപ്രീതി നേടിയ ചിത്രം, പ്രത്യേക പരാമർശം തുടങ്ങി എട്ടോളം അവാർഡുകളാണ് ആടുജീവിതം നേടിയത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ഈ സിനിമ കടന്നുപോയ പ്രതിസന്ധികൾ ഓർക്കുമ്പോൾ ഈ അവാർഡ് ആടുജീവിതം എന്ന ടീമിനുള്ള അവാർഡായി കാണാനാണ് എനിക്ക് ഇഷ്ടം. ഈ പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷം. ആളുകൾ ആ ചിത്രത്തിനോട് കാണിച്ച സ്‌നേഹം തന്നെ ഞങ്ങൾക്ക് വലിയ അവാർഡ് ആയിരുന്നു.”
”പലരും അസാധ്യമെന്ന് പറഞ്ഞ സ്വപ്നമാണ്. 16 വർഷത്തോളം അതിന് പിന്നിൽ നിന്ന് സാധ്യമാക്കി എടുത്തു എന്നതിനാലാണ് സന്തോഷം. ബ്ലെസിയുടെ നിശ്ചയദാർഢ്യമാണ് ഈ സിനിമ സാക്ഷാത്കരിക്കാൻ കാരണം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്രയും വർഷങ്ങൾ മാറ്റിവച്ചില്ലായിരുന്നെങ്കിൽ ആടുജീവിതം പോലൊരു സിനിമ സംഭവിക്കില്ലായിരുന്നു.”
”എല്ലാറ്റിനുമപ്പുറം, ഒരു വ്യക്തി ജീവിച്ച ജീവിതമാണ് ആടുജീവിതം, എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്” എന്നാണ് അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരക്കവേ പൃഥ്വിരാജ് പറഞ്ഞത്.