''ഇന്ത്യന്‍ 2 പരാജയം; വിമർശനങ്ങൾ എന്നെ ഏറെ വിഷമിപ്പിച്ചു, പ്രേക്ഷകരോട് മാപ്പ് പറയുന്നു'' : പ്രിയാ ഭാവാനി ശങ്കര്‍

കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനംചെയ്ത ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. എന്നാല്‍ തിയേറ്ററുകളില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ സിനിമയുടെവിധി പരാജയം ആയിരുന്നു. തിയേറ്ററുകളില്‍ തിരസ്‌കരിക്കപ്പെട്ടതോടെ ഇന്ത്യന്‍ 2 ഇപ്പോള്‍ ഒടിടി റിലീസിനെത്തിയിരിക്കുകയാണ്.

ചിത്രത്തിലെ അഭിനയത്തിന് നടി പ്രിയാ ഭാവാനി ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരു വിഭാഗം ആളുകള്‍ ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രിയയ്ക്കാണെന്നുവരെ വരെ ചിലർ ആരോപിച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങളില്‍ സങ്കടമുണ്ടെന്ന് പറഞ്ഞ പ്രിയ, ഇന്ത്യന്‍ 2 വിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞു. സിനിമയുടെ പരാജയത്തില്‍ ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

''ഇന്ത്യന്‍ 2 വില്‍ കരാര്‍ ഒപ്പുവച്ചത് മുതല്‍ റിലീസ് വരെയുള്ള ഘട്ടത്തില്‍ എന്നെ ഒരുപാട് സിനിമകള്‍ തേടിയെത്തി. എന്റെ കരിയറില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു സിനിമയുടെ ഭാഗമാകുന്നത്. കടൈക്കുട്ടി സിംഗം എന്ന സിനിമ എന്റെ കരിയറില്‍ വലിയ ഹിറ്റായിരുന്നു. സംവിധായകന്‍ പാണ്ടിരാജ് സാറിന് നന്ദി പറയുന്നു. എന്നിരുന്നാലും വലിയ സിനിമകളുടെ ഭാഗമായാല്‍ മാത്രമേ കൂടുതല്‍ സിനിമകള്‍ തേടിയെത്തൂ എന്ന അവസ്ഥ ഇവിടെയുണ്ട്. ഞാന്‍ പരാതി പറയുകയല്ല. സിനിമയുടെ വിപണിയാണ് അത് തീരുമാനിക്കുന്നത്.

ഒരു സിനിമ പരാജയമാകുമെന്നോ വിജയമാകുമെന്നോ കരുതിയല്ല നമ്മള്‍ അതില്‍ അഭിനയിക്കുന്നത്. എല്ലാവരും സിനിമ വിജയമാകാനാണ് കഠിനാധ്വാനം ചെയ്യുന്നത്. സിനിമ പരാജയപ്പെടുമ്പോള്‍ ആ വിഷമം എല്ലാവരെയും ബാധിക്കും. ഇന്ത്യന്‍ 2 റിലീസായതിന് ശേഷം എന്നെയാളുകള്‍ കുറ്റപ്പെടുത്താന്‍ തുടങ്ങി. അതില്‍ വേദനയുണ്ട്.ശങ്കര്‍-കമല്‍ഹാസന്‍ സിനിമയോട് ആരാണ് നോ പറയുക. ഞാനും അതേ ചെയ്തുള്ളൂ. ഈ സിനിമയുടെ ഭാഗമായതില്‍ അഭിമാനവും സന്തോഷവുമുണ്ട്. പ്രേക്ഷകരുടെ സംതൃപ്തിയ്ക്ക് ഒത്തുയര്‍ന്നില്ല എങ്കില്‍ മാപ്പ് പറയുന്നു''- പ്രിയ പറഞ്ഞു

Related Articles
Next Story