വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയായി സംയുക്ത മേനോന്‍

വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയായി സംയുക്ത മേനോന്‍

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തില്‍ നായികയായി സംയുക്ത മേനോന്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ചേര്‍ന്നാണ്. തെലുങ്ക് പുതുവര്‍ഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

തെലുങ്ക് സിനിമയിലെ ഭാഗ്യ താരകം ആയി കരുതപ്പെടുന്ന സംയുക്തക്ക് വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. വൈകാരികമായ ആഴമുള്ള, മികച്ച പ്രകടനത്തിന് സാദ്ധ്യത നല്‍കുന്ന കഥാപാത്രമാണ് സംയുക്ത ഇതില്‍ അവതരിപ്പിക്കുക. തിരക്കഥയിലും തന്റെ കഥാപാത്രത്തിന്റെ ശക്തിയിലും ഏറെ ആവേശഭരിതയായാണ് സംയുക്ത ഈ ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ജൂണ്‍ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ തിരച്ചില്‍ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പന്‍ പ്രോജക്റ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത്.

ഡ്രാമ, ആക്ഷന്‍, ഇമോഷന്‍ എന്നിവ ഉള്‍പ്പെടുത്തി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരു മള്‍ട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്. രചന, സംവിധാനം- പുരി ജഗന്നാഥ്, നിര്‍മ്മാതാക്കള്‍- പുരി ജഗന്നാഥ്, ചാര്‍മി കൌര്‍, ബാനര്‍- പുരി കണക്ട്‌സ്, സിഇഒ- വിഷു റെഡ്ഡി, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി

Related Articles
Next Story