'കിഷ്കിന്ധാ കാണ്ഡം' പ്രതിസന്ധികൾക്കുള്ള മറുപടിയാണ്: സത്യൻ അന്തിക്കാട്

ആസിഫ് അലി നായകനായെത്തിയ "കിഷ്കിന്ധാ കാണ്ഡം" എന്ന ചിത്രത്തിന് പ്രശംസയുമായി സംവിധായകൻ സത്യൻ അന്തിക്കാട്. എല്ലാ പ്രതിസന്ധികളേയും മറികടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. "കിഷ്കിന്ധാ കാണ്ഡം" തീർച്ചയായും ഒരു മറുപടിയാണ് സത്യൻ അന്തിക്കാട് പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സംവിധായകൻ്റെ പ്രതികരണം.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് "കിഷ്കിന്ധാ കാണ്ഡം" കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു അന്തിക്കാട് കുറിച്ചു.

അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ജോബി ജോർജ്ജിനും സ്നേഹവും അഭിനന്ദനങ്ങളും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

Related Articles
Next Story