സ്വന്തം ഇഷ്ടത്തിന് പോയിട്ട് ബലാത്സംഗം ആരോപിക്കരുത്: ഷീലു എബ്രഹാം
സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ പോയിട്ട് ഇഷ്ടക്കേടുണ്ടാകുമ്പോൾ ബലാൽസംഗം ആരോപിക്കരുതെന്ന് നടി ഷീലു എബ്രഹാം. ബലാത്സംഗം ചെയ്യുന്നത് തെറ്റാണ്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനെ കുറ്റംപറയാനാകില്ല. പത്തുനൂറു തവണ പോയിക്കഴിഞ്ഞ ശേഷം ബലാത്സംഗം ചെയ്തുവെന്ന് പറയുന്നതിനോട് യോജിപ്പില്ല എന്നാണ് ഷീലു എബ്രഹാം പറഞ്ഞത്
സംവിധായകൻ ഒമർ ലുലുവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗിക പീഡന ആരോപണക്കേസിൽ സംസാരിക്കുകയായിരുന്നു താരം. നമ്മുടെ സിനിമ തുടങ്ങി 25 ദിവസം കഴിഞ്ഞപ്പോഴാണ് വിവാദം വരുന്നത്. ജാമ്യം ലഭിക്കാതെ വന്ന് അദ്ദേഹത്തെ റിമാൻഡ് ചെയ്താൽ ഷൂട്ടിങ് നീണ്ടുപോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നെ സിനിമ ഇറങ്ങുമ്പോൾ ഇത്തരത്തിലൊരു കേസിൽപ്പെട്ട സംവിധായകനാണെന്ന തരത്തിൽ ചർച്ചകൾ വരുമോ എന്നും പേടിച്ചു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് എതിരെ വന്ന വിവാദം വലിയ വാർത്തയാകുന്നതോ അതിന്റെ പേരിൽ അദ്ദേഹം ആക്രമിക്കപ്പെടുന്നതോ കണ്ടില്ല. സ്ത്രീകൾ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ഇൻഡസ്ട്രിയിൽ സാധാരണമായിരിക്കുന്നു. അദ്ദേഹം നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ലോകത്ത് വളരെ സാധാരണയാണ്. സിനിമയിൽ മാത്രമല്ല. വീട്ടിലിരിക്കുന്ന സ്ത്രീകൾക്കുവരെ ഇത്തരത്തിൽ ബന്ധങ്ങളുണ്ടാകുന്നുണ്ട്. - ഷീലു എബ്രഹാം പറഞ്ഞു.
പ്രത്യേക സാഹചര്യം വരുമ്പോൾ വർഷങ്ങളോളം ഇഷ്ടത്തിലിരുന്നവർ തമ്മിൽ അഭിപ്രായ വ്യത്യാസം വരുമ്പോൾ ഒരു പകപോക്കലായാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഇത് ഒരിക്കലും ഗുണം ചെയ്യില്ല. ഓരോ ബന്ധത്തിലേർപ്പെടുമ്പോളും അതിലെ പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള മാനസികാരോഗ്യം പെണ്കുട്ടികൾക്കുണ്ടാകണം. കാര്യസാധ്യത്തിനായി ബന്ധത്തിലേക്ക് പോകരുത്.
നമ്മുടെ വ്യക്തിത്വം തന്നെ കളഞ്ഞുകൊണ്ട് ആളുകൾക്ക് മുന്നിൽ നിൽക്കേണ്ടതായി വരും. ആളുകൾ നമ്മെ ചെളിവാരിയെറിയും. 'നിയമം സ്ത്രീകളുടെ പക്ഷത്താണെങ്കിലും മോശക്കാരിയാകുന്നത് ഇര എന്ന് വിളിക്കപ്പെടുന്നയാളാണ്. ആണുങ്ങൾ രക്ഷപെട്ടുപോകും. അവർ അങ്ങനെയാണ്. അവർക്ക് എത്ര ബന്ധം വേണമെങ്കിലുമാവാം. അതുകൊണ്ട് സ്ത്രീകൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. - ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.