‘പ്രണയത്തിൻ്റെ ദൈവം’ ആയി സിലംബരശൻ, ഒരുങ്ങുന്നു STR51...

ഫെബ്രുവരി 3-ന് തമിഴ് നടൻ സിലംബരശന്റെ 42-ാം ജന്മദിനം ആയിരുന്നു. സിനിമാ വ്യവസായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനേതാവിന് ആശംസകൾ ഉണ്ടായി. ഇതിനിടെ ചിമ്പുവിന്റെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. STR51 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിമ്പുവിന്റെ 51മത് ചിത്രത്തിന്റെ പോസ്റ്റർ ആണ് ജന്മദിനത്തിൽ എത്തിയിരിക്കുന്നത്.
ഗോഡ് ഓഫ് ലവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്ററിൽ “സ്നേഹത്തെ ഭയന്ന് ഭൂമി സന്ദർശിക്കാൻ ദൈവം മടിക്കുന്നു, എന്നിരുന്നാലും, മടിച്ചുനിന്നിട്ടും ദൈവം ഭൂമി സന്ദർശിച്ചാൽ എന്ത് സംഭവിക്കും?” എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഓ മൈ കടവുളേ , ഡ്രാഗൺ എന്നി ചിത്രങ്ങൾക്ക് ശേഷം അശ്വന്ത് മാരിമുത്തു ആണ് ഈ ചിത്രം സംവിധാനം ചെയുന്നത്. പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ സംവിധായകൻ . അതിനു ശേഷം ചിത്രം തുടങ്ങുമെന്നാണ് സൂചന. ഇത് ഒരു വിൻ്റേജ് ശൈലിയിലുള്ള ചിത്രമാണെന്ന് പറയപ്പെടുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, 2026ൽ ചിത്രം റീലിസ് ചെയ്യും.
അതേസമയം STR തൻ്റെ വരാനിരിക്കുന്ന രണ്ട് പ്രോജക്റ്റുകളും ജന്മദിനത്തിൽ നേരത്തെ പ്രഖ്യാപിസിച്ചിരുന്നു . പാർക്കിംഗ് ഫെയിം രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചിത്രത്തിന് താൽക്കാലികമായി STR:49 എന്നാണ് പേരിട്ടിരിക്കുന്നത്. STR50 എന്ന ചിത്രത്തിനായി സംവിധായകൻ ദേശിംഗ് പെരിയസാമിയുമായും താരം കൈകോർക്കുന്നു. അതോടൊപ്പം ജന്മദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ തൻ്റെ പുതിയ നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനവും താരം നടത്തിയിരുന്നു . അറ്റ്മാൻ സിനി ആർട്‌സ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. STR50 നിർമ്മിക്കുന്നത് തന്റെ സ്വന്തം നിർമ്മാണ കമ്പിനി ആയിരിക്കുമെന്ന് താരം അറിയിച്ചിരുന്നു.
കമൽഹാസൻ നായകനാകുന്ന തഗ് ലൈഫിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സിലംബരശൻ ടി.ആർ. മണിരത്‌നത്തിനൊപ്പം കമൽ ഹാസനും ചേർന്ന് രചിച്ച ഈ ചിത്രം മണിരത്നം തന്നെയാണ് സംവിധാനം ചെയ്യുന്നത്.
ഗ്യാങ്‌സ്റ്റർ ആക്ഷൻ ചിത്രമായ തഗ് ലൈഫിൽ തുടക്കത്തിൽ ദുൽഖർ സൽമാൻ ആയിരുന്നു ചിമ്പുവിന്റെ വേഷത്തിൽ തീരുമാനിച്ചത്. പിന്നീട് ഷെഡ്യൂളിലെ പ്രശ്‌നങ്ങൾ കാരണം ദുൽഖർ സൽമാൻ പിന്മാറുകയും, സിലംബരശൻ ചിത്രത്തിലേക്ക് എത്തുകയുമായിരുന്നു. കമൽ ഹാസൻ , എസ്ടിആർ എന്നിവരെ കൂടാതെ, തൃഷ കൃഷ്ണൻ, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്ജ്, അഭിരാമി, നാസർ, അലി ഫസൽ, പങ്കജ് ത്രിപാഠി, സന്യ മൽഹോത്ര തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2025 ജൂൺ 5 ന് റിലീസ് ചെയ്യും.