കൊച്ചിയുടെ രാവുകളെ ത്രസിപ്പിച്ച റോക്ക് ഗായകന്‍, യുവത്വത്തിന്റെ ഹരം; ആന്റണി ഐസക്ക്‌സ് ഓര്‍മയായി
Singer Antony Issaacs is no more

കൊച്ചിയിലെ കാസിനോ ഹോട്ടലുകളെ ത്രസിപ്പിച്ച ചെറുപ്പക്കാരന്‍. എഴുപതുകളിലെ റോക്ക് സ്റ്റാര്‍. യുവത്വത്തിന്റെ സിരകളില്‍ ലഹരിയായി റോക്ക് സംഗീതം നിറച്ച ആന്റണി ഐസക്ക്‌സ്. ലോക പ്രശസ്ത ഹിറ്റ് ഗാനങ്ങള്‍ അനായാസമായി പാടിയ ആന്റണി ഐസക്ക്‌സ് ചെറിയ കാലം കൊണ്ട് തരംഗമായി മാറി. സെപ്റ്റംബര്‍ 30-ന് എഴുപതുകളുടെ യുവത്വത്തെ ആവേശം കൊള്ളിച്ച ആ ശബ്ദം നിലച്ചു. ആന്റണി ഐസക്ക്‌സ് എന്ന അതുല്യ കലാകാരന്‍ ഓര്‍മയായി!
സംഗീതം നിറഞ്ഞ വീട്ടിലായിരുന്നു ആന്റണി ഐസക്ക്‌സിന്റെ ജനനം. വയലിനിസ്റ്റ് ജോ ഐസക്കിന്റെയും ഗായിക എമില്‍ഡയുടെയും മകന്‍ സംഗീത വഴിയില്‍ എത്തിയത് തികച്ചും സ്വാഭാവികം. ആന്റണി ഉള്‍പ്പെടെ ഏഴു സഹോദരങ്ങള്‍ക്കും സംഗീതം ജീവനും ജീവിതവുമായി. ഗായകനായും ഗിറ്റാറിസ്റ്റായും ആന്റണി തിളങ്ങി. പാശ്ചാത്യ സംഗീതം ആന്റണിയുടെ ഹൃദയത്തിന്റെ താളമായി.
കൊച്ചിക്കാര്‍ക്ക് മറക്കാനാവില്ല 13 എഡി, എലൈറ്റ് ഏസസ് തുടങ്ങിയ ബാന്‍ഡുകളെ. ഇതില്‍ എലൈറ്റ് ഏസസ് എന്ന ബാന്‍ഡിന്റെ ഭാഗമായിരുന്നു ആന്റണി ഐസക്ക്‌സ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഈ ബാന്‍ഡ് ലോകം ചുറ്റി. അതിനൊപ്പം ആന്റണി ഐസക്ക്‌സും വളര്‍ന്നു.
ഗായിക ഉഷ ഉതുപ്പിനെ ഈ ലോക സഞ്ചാരത്തിനിടെയാണ് പരിചയപ്പെട്ടത്. അത് വലിയ വഴിത്തിരിവായിരുന്നു. പിന്നീട് തുടര്‍ച്ചയായി സംഗീത യാത്രകള്‍! അതിനിടയില്‍ നാട്ടില്‍ മടങ്ങിയെത്തി ക്രിസ്തീയ ഭക്തിഗാനങ്ങളിലും ആന്റണി ഐസക്ക്‌സ് സജീവമായി.
ഒടുവില്‍ വിധി അര്‍ബുദത്തിന്റെ രൂപത്തിലെത്തി, ഒരു തലമുറയിലെ യുവത്വത്തെ ത്രസിപ്പിച്ച ഗായകന്റെ ജീവന്‍ കവര്‍ന്നു. അര്‍ബുദ രോഗബാധിതനായ ശേഷം അവസാന നാളുകള്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലാണ് ജീവശ്വാസമായ സംഗീതത്തിനൊപ്പം ആന്റണി ഐസക്ക്‌സ് ചെലവഴിച്ചത്.