'സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിക്കുവരാണ് സുഹാസിനി': വയറലായി പാർഥിപൻറെ പരാമർശം

തെന്നിന്ത്യൻ സിനിമയിൽ ഇന്ന് അഭിനേത്രി എന്നതിനപ്പുറം സംവിധായക, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് സുഹാസിനി. ഒരു കാലത്ത് മലയാള സിനിമയുടെ നിറ സാന്നിധ്യമായിരുന്ന സുഹാസിനി പ്രശസ്ത തമിഴ് സംവിധായകൻ മണിരത്നത്തിന്റെ ജീവിത പങ്കാളി കൂടിയാണ്. പലപ്പോഴും സുഹാസിനിയുടെ അഭിപ്രായങളും നിർദ്ദേശങ്ങളും തന്റെ സിനിമകളെ കൂടുതൽ മികച്ചതാക്കിയിട്ടുണ്ടെന്ന് മണിരത്നം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സൗദര്യത്തിൽ അഹങ്കരിക്കുന്ന വ്യക്തിയാണ് സുഹാസിനി എന്ന തമിഴ് നടനും സംവിധായകനുമായ പാർഥിപൻറെ പരാമർശമാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. താൻ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ് എന്നാണ് പാർത്ഥിപൻ പറഞ്ഞത്. വെർഡിക്റ്റ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിലാണ് പ്രസംഗത്തിനിടെ അദ്ദേഹം സുഹാസിനിയെക്കുറിച്ച് തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. ദ വെർഡിക്റ്റ് എന്ന ചിത്രത്തിൽ സുഹാസിനിയും മുഖ്യവേഷത്തിലുണ്ട്.
സുഹാസിനിയുടെ അഭിനയത്തെക്കുറിച്ച് എല്ലാവരും പറയുമെന്ന് പാർത്ഥിപൻ പറഞ്ഞു. എന്നാൽ താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. 'പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി' എന്നാണ് മുമ്പൊരു ദിവസം അവർ വിളിച്ചു പറഞ്ഞതെന്നും അദ്ദേഹം മനസുതുറന്നു.
"നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം" പാർത്ഥിപൻ കൂട്ടിച്ചേർത്തു.
അതേസമയം, പ്രായത്തിൻ്റെ പേരിൽ പാർത്ഥിപൻ തന്നെ കളിയാക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സുഹാസിനിയും സംസാരിച്ചിരുന്നു. തനിക്കിപ്പോൾ 63 വയസ്സായി. എൺപത് കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതിൽ ഒരു മടിയും ഇല്ല. വയസ് എന്നാൽ അനുഭവമാണ്, അത് പറയുന്നതിൽ എന്താണ് പ്രയാസം. അതൊരു അഭിമാനമാണ് എന്നാണ് അന്ന് സുഹാസിനി പറഞ്ഞത്.