സുരേഷ് ഗോപിക്കുള്ള പ്രശനം മുൻശുണ്ഠിയാണ്: സുരേഷ് കുമാർ
നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ കൃത്യനിർവഹണത്തിലെ മികവിനെപ്പറ്റി പറഞ്ഞിരിക്കുകയാണ് നിർമാതാവും നടനുമായ സുരേഷ് കുമാർ. സഹോദരതുല്യമായ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളതെന്നും സിനിമാക്കാർക്കും അല്ലാത്തവർക്കും അനുഗ്രഹമാണ് അദ്ദേഹത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനമെന്നും സുരേഷ് കുമാർ പറഞ്ഞു. സഹപ്രവർത്തകരും കൂട്ടുകാരും തിരുവനന്തപുരത്തു വച്ച് സുരേഷ് ഗോപിക്കു നൽകിയ സ്വീകരണത്തിലാണ് സുരേഷ് കുമാർ സംസാരിച്ചത്.
‘‘ഇപ്പോൾ പുറത്തു പറയാനാകാത്ത ഒരു വിഷയം നിലവിൽ ഉണ്ടെന്നു സുരേഷ് ഗോപിയെ അറിയിച്ചിരുന്നു. മിനിസ്ട്രിയിൽ ഇടപെടണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഞ്ചു മണിക്കൂറിനുള്ളിൽ ഐടി മന്ത്രാലയത്തിൽനിന്നും, അരമണിക്കൂറിനു ശേഷം വിജിലൻസിൽ നിന്നും എനിക്ക് വിളി വന്നു. എന്താണ് പ്രശ്നം എന്ന് അവർ കേട്ടു. കോട്ടയത്തു പെട്രോൾ പമ്പിൽ നിന്നും വെള്ളം കലർന്ന പെട്രോൾ നൽകിയ സംഭവത്തിലും സുരേഷ് ഗോപി പെട്ടെന്ന് തീരുമാനം ഉണ്ടാക്കിയല്ലോ. ആര് എന്ത് വിഷമം പറഞ്ഞാലും അത് നിവർത്തിച്ചു കൊടുക്കാൻ മനസ്സുള്ള ആളാണ് സുരേഷ് ഗോപി
ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്നതുമുതൽ സുരേഷിനെ എനിക്ക് പരിചയമുണ്ട്. സുരേഷിന് ആകെയുള്ളൊരു പ്രശ്നം മുൻശുണ്ഠിയാണ്. ‘തക്ഷശില’ എന്ന സിനിമയുടെ ഷൂട്ടിങ് കുളു മണാലിയിലായിരുന്നു. ആ സെറ്റിൽ ആർക്കായാലും ദേഷ്യം പിടിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ഭക്ഷണം ഒരുപാടു ദൂരെനിന്നുമാണ് എത്തിക്കുന്നത്. ഞങ്ങളുടെ അടുത്തേക്ക് എത്തുമ്പോളേക്കും ചപ്പാത്തിയൊക്കെ തണുത്ത് ഉറച്ചു പോയിരിക്കും. ഒരു മുൻനിര ഹിന്ദി നടനും അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു അവിടം പറ്റാതെ ആകെ പ്രശ്നമായിരിക്കുകയായിരുന്നു. ഇതിൽ സുരേഷിനും പരാതിയുണ്ടായിരുന്നു. അങ്ങനെ പ്രൊഡക്‌ഷൻ ഭക്ഷണം ഉപേക്ഷിച്ച് സുരേഷ് ഒരു കുറച്ചുമാറി ഹോട്ടലിൽ നിന്നും ഭക്ഷണം വരുത്തി കഴിക്കാൻ തുടങ്ങി. ആ വിഷയത്തിൽ റൂമിനു മുന്നിൽവച്ചു ഞങ്ങൾ തമ്മിൽ ബഹളം വരെയുണ്ടായിരുന്നു.
ഒരിക്കൽ വടക്കൻ വീരഗാഥയുടെ ഷൂട്ടിങിനിടയിൽ സുരേഷ് ചോദിച്ചു, ‘നമുക്ക് ഗുരുവായൂർ അമ്പലത്തിൽ നൂറ്റിയെട്ട് പ്രദക്ഷിണം വച്ചാലോ’ എന്ന്. ഞാൻ സമ്മതിച്ചു. തുടങ്ങിയപ്പോളാണ് അത്രയും വലിയ പരിപാടി ആണെന്നു മനസിലായത്. പത്തെണ്ണം കഴിഞ്ഞപ്പോളേക്കും എനിക്ക് വയ്യാതെയായി. പകുതിയിൽ നിർത്താനാകില്ലല്ലോ. കാലൊക്കെ പൊള്ളി. എന്നിട്ടും സുരേഷ് ഹാപ്പിയായി നിൽക്കുകയായിരുന്നു. അങ്ങനെ അദ്ദേഹവുമായി ചേർന്നു ഒരുപാടു ഓർമകൾ ഉണ്ട്.
1984 ലാണ് ബിജെപിയിൽ ഞാൻ അംഗത്വം എടുക്കുന്നത്. പാർട്ടിയുടെ ആചാര്യൻ മുകുന്ദേട്ടൻ സുരേഷ് ഗോപിയെ ഇലക്‌ഷനിൽ നിർത്താൻ ആഗ്രഹിച്ചു, ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തിനടുത്ത് എന്നെ പറഞ്ഞുവിടാറുണ്ട്. സുരേഷ് അന്നൊന്നും സമ്മതിച്ചിട്ടില്ല. ഇപ്പോൾ സുരേഷ് ഗോപി മന്ത്രി ആയപ്പോൾ കാണാൻ മുകുന്ദേട്ടൻ ഇല്ല. അതിൽ സങ്കടമുണ്ട്.’’–സുരേഷ് കുമാർ പറഞ്ഞു.