സുധാ കൊങ്കര ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി: പകരം ആര് ?
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് സൂര്യ. ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ വന്ന വിക്രം എന്ന സിനിമയിലെ റോളക്സ് എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് 'സൂര്യ 43' യുടെ പ്രഖ്യാപനം നടന്നിരുന്നത്. എന്നാൽ നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ദുൽഖറിനൊപ്പം നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു വിവരം.
2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും സൂര്യ പിന്‍മാറിയെന്നാണ് വാര്‍ത്ത. 'സൂരൈപോട്ര്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷ ചിത്രത്തിനുണ്ടായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ചിത്രം പ്രഖ്യാപിച്ചിട്ടും ഇതുവരെ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റും പുറത്തുവന്നിരുന്നില്ല. ചിത്രത്തില്‍ നിന്നും ചില ക്രിയേറ്റീവായ പ്രശ്നങ്ങളാല്‍ സൂര്യ പിന്‍മാറിയെന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെ നിര്‍മ്മാണത്തില്‍ നിന്നും സൂര്യ വിട്ടുനില്‍ക്കും. ഇതേ സമയം 'പുറനാന്നൂറ് 'എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സുധ ഉപേക്ഷിക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴിലെ രണ്ട് വലിയ താരങ്ങളായ ധനുഷും ശിവകാര്‍ത്തികേയനും ഒന്നിച്ച് കൊണ്ടുവരാനാണ് സുധയുടെ നീക്കം.