ബ്രേക്ക് എടുക്കുകയാണ്, ഈ വർഷം അവസാന സിനിമ: സുഷിൻ ശ്യാം

സിനിമയിൽ നിന്നും ഇടവേള എടുക്കുകയാണെന്ന് സംഗീതസംവിധായകൻ സുഷിൻ ശ്യാം. ഈ വർഷം സംഗീതം ഒരുക്കുന്ന അവസാന ചിത്രമായിരിക്കും ‘ബോഗയ്ൻവില്ല’ എന്നാണ് സുഷിൻ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിക്കിടെയാണ് സുഷിൻ ഈ കാര്യം സംസാരിച്ചത്.

ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വർഷമായിരിക്കും ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നാണ് സുഷിൻ പറഞ്ഞത്. ബോഗയ്ൻവില്ലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, ജ്യോതിർമയി എന്നിവരും സുഷിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.

അതേസമയം, 2024ൽ സുഷിൻ സംഗീതം നൽകിയ മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ ഹിറ്റാവുകയും ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സുഷിൻ സമർപ്പിച്ചിട്ടുണ്ട്.

ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിൻ അയച്ചിരിക്കുന്നത്. ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ സുഷിൻ തന്നെയാണ് പങ്കുവച്ചത്. മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ ട്രെൻഡിങ് ഗാനങ്ങളാണ് ആവേശത്തിലെയും മഞ്ഞുമ്മൽ ബോയ്‌സിലെയും.

Related Articles
Next Story