രാജമൗലി ചിത്രം'എസ്എസ്എംബി 29' ലെ വേഷം തമിഴ് നടൻ വിക്രം നിരസിച്ചതായി റിപ്പോർട്ട്
തീരുമാനം നടന്റെ കരിയറിലെ വലിയ നഷ്ടമായിരിക്കുമെന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ വൻ താരനിറയാണ് ചിത്രത്തിൻറെ ഭാഗമാകുന്നത്. ചിത്രത്തിൻറെ പ്രധാന വില്ലൻ വേഷത്തിൽ തമിഴ് നടൻ ആർ മാധവ് എത്തുമെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ചിയാൻ വിക്രമിനെ ആണെന്നും അദ്ദേഹം നിരസിച്ചതിനെ തുടർന്നാണ് വേഷം മാധവനിലേക്ക് എത്തിയതെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. തന്നെ വില്ലനായി പ്രേക്ഷകർ സ്വീകരിക്കില്ല എന്ന് പറഞ്ഞാണ് ചിയാൻ വിക്രം ആ വേഷം വേണ്ടെന്ന് വച്ചതെന്നാണ് അറിയാൻ കഴിയുന്നത്. വാർത്ത എത്രമാത്രം സത്യം ആണെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം ഇല്ല. വാർത്ത സത്യമാണെങ്കിൽ ഇത് വിക്രത്തിന്റെ കരിയറിലെ വലിയ നഷ്ടമായിരിക്കുമെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.
2028 ന് റിലീസിനെത്തുമെന്ന് കരുതുന്ന ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂൾ ഈ വരം ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ വമ്പൻ താരനിരയിൽ ആരൊക്കെ ഇതിന്റെ ഭാഗമാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടില്ല.
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കൻ ജംഗിൾ അഡ്വെഞ്ചർ ഗണത്തിൽ പെടുന്ന ചിത്രം 1000 കോടി ബഡ്‌ജറ്റിലാണ് ഒരുങ്ങുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.