തെലങ്കാന സംസ്ഥാന പുരസ്‌കാരം; മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍
തെലങ്കാന സംസ്ഥാന പുരസ്‌കാരം; മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയെടുത്തത്. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. 2024 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌ക്കര്‍ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ദുല്‍ഖര്‍ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലൂടെ നവീന്‍ നൂലി നേടിയപ്പോള്‍, മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വെങ്കി അറ്റ്‌ലൂരിയാണ്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയില്‍ ലഭിച്ച ഈ വമ്പന്‍ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
തീയേറ്ററുകളില്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ ലക്കി ഭാസ്‌കറിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും അഭൂതപൂര്‍വമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകര്‍ നല്‍കിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം കേരളത്തിലും ഗള്‍ഫിലും തീയേറ്ററുകളില്‍ എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആയിരുന്നു. ബോക്‌സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചത്.