'ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ' ചുരുളി സിനിമയുമായി ബന്ധപ്പെട്ട ജോജുവിന്റെ ആരോപണങ്ങൾക്ക് പെല്ലിശ്ശേരിയുടെ മറുപടി

'ചുരുളി' സിനിമയുമായി ബന്ധപ്പെട്ട് ജോജു ജോർജ് നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പല്ലിശേരി. ജോജുവിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ പല്ലിശേരി സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പണം നൽകിയിട്ടുണ്ടെന്നും സിനിമ തിയറ്ററിൽ റിലീസ് ചെയ്തിട്ടില്ലെന്നും പറഞ്ഞു. മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (590000)രൂപയാണ് ജോജുവിനു പ്രതിഫലമായി ലഭിച്ചത്. സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

'ചുരുളി' സിനിമയുമായി ബന്ധപ്പെട്ട നടൻ ജോജു ജോർജിന്റെ ആരോപണങ്ങൾ തള്ളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

"പ്രിയപ്പെട്ട ജോജുവിൻ്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്.

സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ.

Nb: ഇപ്പോൾ സോണി ലിവ്വിൽ ചിത്രം സ്ട്രീം ചെയ്യുന്നു. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു" ഇങ്ങനെയായിരുന്നു വിഷയത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം.

ചിത്രത്തിൻറെ തെറി പറയുന്ന പതിപ്പ് എല്ലാ പ്രേക്ഷകർക്കും വേണ്ടി റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നില്ലെന്നായിരുന്നു ജോജു ജോർജ് ന്യൂ ഇന്ത്യ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 'ചുരുളി'യുടെ തെറി ഇല്ലാത്ത ഒരു പതിപ്പുണ്ട് അതിൽ ഡബ്ബ് ചെയ്തിട്ടുമുണ്ട്. തെറി ഉള്ള പതിപ്പ് ഫെസ്‌റ്റിവലിന് മാത്രമേ പോവുകയുള്ളൂ എന്നും തിയറ്ററിൽ തെറി ഇല്ലാത്ത വേർഷൻ ആയിരിക്കും റിലീസ് ചെയ്യുക എന്നുമാണ് അണിയറ പ്രവർത്തകർ തന്നോട് പറഞ്ഞിരുന്നതെന്ന് ജോജു പറയുന്നു. തെറി ഉള്ള 'ചുരുളി' സിനിമ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി റിലീസ് ചെയ്യുകയാണെന്ന് തന്നോട് പറയാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും ആ സിനിമയുടെ തെറിയുടെ പേരിൽ പഴികേട്ടത് താനാണെന്നും ജോജു ജോർജ് പറയുന്നു. ചുരുളിയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല എന്നും ജോജു ജോർജ് കൂട്ടിച്ചേർത്തിരുന്നു.

Related Articles
Next Story