'ഡയലോഗുകൾ പറയുന്ന കാര്യത്തിൽ ആ നടി എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു': മണിയൻപിള്ള രാജു

മലയാളസിനിമയിൽ അഭിനേതാവായും നിർമ്മാതാവായും ഇതിനോടകം കഴിവ് തെളിയിച്ച വ്യക്തിയാണ് മണിയൻ പിള്ള രാജു. ഇതിനോടകം തന്നെ 400 ഓളം സിനിമകളിൽ അഭിനയിക്കുകയും 13 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

തന്നെ ഏറെ അത്ഭുതപ്പെടുത്തിയ അഭിനേത്രിയെ കുറിച്ച് പറയുകയാണ് മണിയൻപിള്ള രാജു. ഡയലോഗുകൾ കാണാതെ പഠിക്കുന്നതിൽ ജയഭാരതി തന്നെ അത്ഭുതപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത്.

'എന്നെ അത്ഭുതപ്പെടുത്തിയ നടി ജയഭാരതിയാണ്. അവർ ഒരു ദിവസം മൂന്ന് പടങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. രാവിലെ എട്ട് മുതൽ ഒരു മണിവരെ ഒരു സിനിമയിൽ അഭിനയിക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് മണിവരെ രണ്ടാമത്തെ സിനിമ. വൈകുന്നേരം ആറ് മുതൽ 12 മണിവരെ മൂന്നാമത്തെ സിനിമ ചെയ്യും.

ഒരു സിനിമക്ക് പത്തോ പന്ത്രണ്ടോ ദിവസമാകും മൊത്തത്തിൽ എടുക്കുക. ഒരിക്കൽ ഞാൻ മേക്കപ്പ് റൂമിൻ്റെ അടുത്ത് ഇരിക്കുമ്പോൾ ജയഭാരതി അവിടേക്ക് വന്നു. അസിസ്റ്റന്റ് ഡയറക്ടർ ഈ സമയത്ത് അവിടേക്ക് അവരുടെ ഡയലോഗുമായി വന്നു. ജയഭാരതി മലയാളം വായിക്കാൻ അറിയാത്തത് കൊണ്ട് അയാളോട് അത് വായിക്കാൻ പറഞ്ഞു. അവര് തമിഴ് ആണല്ലോ. മേക്കപ്പ് ചെയ്യുന്നതിന്റെ ഇടയിലാണ് അസിസ്റ്റന്റ് ഡയറക്ടർ ഡയലോഗുകൾ വായിച്ചു കേൾപ്പിക്കുന്നത്. ഒരേ സമയത്ത് ഡയലോഗ് പറയുന്നതും കേൾക്കുന്നു, മേക്കപ്പ് ഇടുകയും ചെയ്യുന്നു.

അന്ന് ഞാൻ വിചാരിച്ചത് അവർ എന്തൊരു കെയർലെസാണ് എന്നായിരുന്നു. ആക്ടിങ്ങിനോട് പാഷനില്ലേയെന്നും ചിന്തിച്ചു. അത് കഴിഞ്ഞ് റിഹേഴ്സൺ വേണ്ടേയെന്ന് സംവിധായകൻ ചോദിച്ചപ്പോൾ സമയമില്ല എന്നായിരുന്നു അവരുടെ മറുപടി. നേരെ ടേക്ക് പോകാമെന്ന് ജയഭാരതി പറഞ്ഞു. ആക്ഷൻ പറഞ്ഞതും അവർ അഭിനയിച്ചു തുടങ്ങി. അസിസ്റ്റൻ്റ് ഡയറക്ടർ പറഞ്ഞു കൊടുത്ത ആ ഒന്നൊര പേജ് ഡയലോഗ് പുല്ലുപോലെ പറഞ്ഞ് അഭിനയിച്ചു. അതും കരയേണ്ടയിടത്ത് കരയുകയും മറ്റ് ഇമോഷൻസ് കാണിക്കുകയും ചെയ്‌തു,' ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Articles
Next Story