റൈഫിൾ ക്ലബ്ബിലൂടെ മനംകവർന്ന പെൺകുട്ടി , ആദ്യ സിനിമ നോട്ട് ബുക്ക്

റൈഫിൾ ക്ലബിൽ ഗന്ധർവ്വ ഗാനം പോൾഡ് എന്ന ഗാനത്തിൽ റംസാനോപ്പമുള്ള ചടുലമായ നൃത്ത ചുവടുകളോടെ പ്രേക്ഷകന്റെ മനം കവർന്ന സുന്ദരിക്കുട്ടി, നവ്‌നി ദേവാനന്ത് . ഡോക്ടറാവാനുള്ള തന്റെ മോഹത്തിന്റെ പേരിൽ വേണ്ടെന്നു വച്ച അവസരങ്ങളെപ്പറ്റിയും റൈഫിൾ ക്ലബിലേക്കുള്ള തന്റെ കടന്നുവരവിനെപ്പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ചെന്നൈയിൽ എം ബി ബി എസ് മൂന്നാം വർഷം പഠിക്കുമ്പോഴാണ് താരം റൈഫിൾ ക്ലബ്ബിലേക്ക് ക്ഷണിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലെ താരത്തിന്റെ ഡാൻസ് റീൽ കണ്ടാണ് കാസ്റ്റിംഗ് ഡയറക്ടർ നവിനിയെ റൈഫിൾ ക്ലബ്ബിലേക്ക് ക്ഷണിക്കുന്നത്. നൃത്തം ചെയ്യണമെന്നും ഡാൻസറായ റംസാന്റെ പെയറാണെന്നും കേട്ടതോടെ പിന്നെ ഒന്നും നോക്കാതെ താരം ചിത്രത്തിൻറെ ഭാഗമാകുകയായിരുന്നു. ഷൂട്ടിങ്ങിനിടയിലും താരത്തിന് പരീക്ഷ എഴുതേണ്ടി വന്നിട്ടുണ്ട്. എന്തുവന്നാലും പഠനം ഉഴപ്പില്ല എന്ന നിലപാടാണ് താരത്തിന്.
റൈഫിൾ ക്ലബിന് മുന്നേ തന്നെ നവ്‌നിയുടെ മുഖം മലയാളികൾക്ക് സുപരിചിതമാണ്. റൈഫിൾ ക്ലബ്ബിൽ ഡാൻസിലൂടെയാണെങ്കിൽ നിവിൻ പോളി നായകനായ മിഖായേലിൽ കരാട്ടെ രംഗങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ മനം കവർന്നത്. എന്നാൽ അതിനൊക്കെ വളരെക്കാലം മുൻപ് തന്നെ റോമാ, പാർവ്വതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നോട്ട് ബുക്ക് എന്ന ചിത്രത്തിലും താരം മുഖം കാണിച്ചിട്ടുണ്ട്. നവ്നിയുടെ അമ്മ ഇൻടീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിൽ നവ്‌നി ടൈറ്റിൽ വിന്നറായി. അവിടെ അതിഥിയായി എത്തിയ പ്രൊഡ്യൂസർ പി വി ഗംഗാധരനിൽ നിന്നാണ് നോട്ട് ബുക്ക്എന്ന ചിത്രത്തിലേക്ക് ഒരു കുട്ടിയെ ആവശ്യമുണ്ടെന്ന് അറിയുന്നത് അതിനായി ചെല്ലുന്നതും. എന്നാൽ എത്താൻ വൈകിയതിനാൽ പ്രാധാന്യമുള്ള റോൾ മറ്റൊരു കുട്ടിക്ക് ലഭിക്കുകയും നവനിയുടേത് ഒരു ചെറിയ വേഷത്തിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ അതായിരുന്നു താരത്തിന്റെ ആദ്യ സിനിമ.
പ്ലസ് ടു കഴിഞ്ഞ് എം ബി ബി എസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ നിരവധി അവസരങ്ങൾ താരം വേണ്ടെന്നു വച്ച്. അതിൽ താരത്തിന് ഇന്നും നിരാശയുള്ളത് മണിരത്നം നിർമിച്ച വെബ് സീരീസായ നവരസായിലെ അവരം വേണ്ടെന്നുവച്ചതിലാണ്. തനിക്കു നഷ്ടപ്പെട്ട റോൾ അത്രയേറെ പ്രാധാന്യമുള്ള റോൾ ആയതിനാലാണ് താരത്തിന് നിരാശ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.