നാലാം ക്ലാസുകാരന്റെ ക്രിമിനൽ ബുദ്ധിയുടെ മൂന്നാം ഭാഗം; ‘ദൃശ്യം 3’ അപ്ഡേറ്റുമായി മോഹന്‍ലാലും ജിത്തു ജോസഫും

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ച ചിത്രമായിരുന്നു ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മലയാളസിനിമ മുൻപ് കണ്ടിട്ടില്ലാത്ത ക്രൈം ത്രില്ലർ മൂവി , മറ്റ് ഭാഷകളിലേയ്ക്കും മൊഴിമാറ്റം ചെയ്തു. എല്ലാ ഭാഷകളിലും ചിത്രം വമ്പൻ ഹിറ്റ്. നാലാം ക്ലാസിനപ്പുറം വിദ്യാഭ്യാസം ഇല്ലാത്ത ജോർജ്കുട്ടി സഞ്ചരിച്ച ക്രിമിനൽ വഴികൾ പ്രവചനാധീതമായിരുന്നു.
മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന അപ്ഡേറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അപ്‌ഡേറ്റ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ‘കാമറ വീണ്ടും ജോര്‍ജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ ജീത്തു ജോസഫിനൊപ്പം മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കാണാം.
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.