മഞ്ഞുമ്മൽ ബോയിസിന്റെ സംവിധായകനുമായി ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട്: നാനി
മാസ് മസാല ചിത്രങ്ങൾകൊണ്ട് നിറഞ്ഞ തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ കലാമൂല്യവും അതോടൊപ്പം തന്നെ വ്യവസായ മൂല്യവുമുള്ള സിനിമകൾ കൊണ്ട് ഇൻഡസ്ട്രിയുടെതന്നെ പ്രതിച്ഛായ മാറ്റിയ അഭിനേതാവാണ് നാനി. ഇപ്പോളിതാ മഞ്ഞുമ്മൽ ബോയ്‌സ് എന്ന തൻ്റെ രണ്ടാമത്തെ ചിത്രം കൊണ്ട് ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ സംവിധായകനും എഴുത്തുകാരനുമായ ചിദംബരത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട് വെളിപ്പെടുത്തിയിരിക്കുകയാണ് നാനി. ചിദംബരവുമായി ഒരു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ അത് സംഭവിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിൽ എനിക്ക് അമൽ നീരദുമായും ദൃശ്യത്തിൻ്റെ ഡയറക്‌ടർ ആയും മഞ്ഞുമ്മൽ ബോയ്‌സിന്റെ ഡയറക്‌ടറുടെ കൂടെയും സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരവുമായി സിനിമ ചെയ്യാനുള്ള ചെറിയ പ്ലാൻ ഉണ്ട്. അതിന്റെ ചർച്ചകൾ ഒക്കെ നടന്നിരുന്നു. എന്നാൽ എങ്ങനെ നടക്കുമെന്നോ എപ്പോൾ നടക്കുമെന്നോ എനിക്കിപ്പോൾ അറിയില്ല. പക്ഷെ എല്ലാം ശരിയായി വന്നാൽ ചിദംബരത്തിന്റെ കൂടെ ഒരു സിനിമയുണ്ടാകും, എന്നാണ് നാനി പറഞ്ഞത്. മലയാളത്തിൽ താൻ ഏറ്റവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നത് ഫഹദ് ഫാസിലുമായാണെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും നാനി കൂട്ടിച്ചേർത്തു.
അതേസമയം നാനിയുടെ ഏറ്റവും പുതിയ ചിത്രം സരിപോദാ സനിവാരം ഓഗസ്റ്റ് 29 ന് തിയേറ്ററുകളിലെത്തും. വിവേക് ??ആത്രേയ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ നാനിക്കൊപ്പം എസ്.ജെ.സൂര്യ, പ്രിയങ്ക മോഹൻ, അഭിരാമി, അദിതി ബാലൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു