"അത്രമാത്രം സമർപ്പണത്തോടെ ഞാൻ ചെയ്ത മറ്റൊരു സിനിമയും ഇല്ല"; സിബി മലയിൽ

‘42 വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട സ്വപ്നമാണ് ദേവദൂതൻ.'

തിയേറ്ററിൽ പരാജയപ്പെടുകയും എന്നാൽ പിന്നീട് പ്രേക്ഷകരുടെ മനം കവർന്ന ഒരു ചിത്രമാണ് ദേവദൂതൻ. വർഷങ്ങൾക്കിപ്പുറം ചിത്രം റീ റിലീസിനൊരുങ്ങുമ്പോൾ ഏറെ പ്രതിക്ഷയോടെയാണ് സിനിമ പ്രേമികൾ അതിനായി കാത്തിരിക്കുന്നതും. നാൽപ്പത്തിരണ്ടു വർഷം മുൻപ് താനും രഘുനാഥ്‌ പാലേരിയും ഒരുമിച്ച് കണ്ട സ്വപ്നമാണ് ദേവദൂതൻ എന്ന സിനിമ എന്ന് സംവിധായകൻ സിബി മലയിൽ പറയുകയുണ്ടായി. സിനിമയുടെ പുതിയ പതിപ്പ് റിലീസ് ചെയ്യാനിരിക്കെ അതിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘42 വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട സ്വപ്നമാണ് ദേവദൂതൻ. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ അന്ന് എന്റെ കൂടെ ഉണ്ടായിരുന്നത് രഘുനാഥ്‌ പാലേരി എന്ന എന്റെ പ്രിയസുഹൃത്ത് മാത്രമായിരുന്നു. ‌ഞങ്ങൾ ഒരുമിച്ചാണ് ഈ സ്വപ്നം നെയ്തെടുത്തത്. പക്ഷേ ഞങ്ങൾക്ക് ഇന്നും അജ്ഞാതമായ കാര്യകാരണങ്ങളാൽ ആ സിനിമ അന്ന് സംഭവിച്ചില്ല. പിന്നീട് 18 വർഷങ്ങൾക്കുശേഷം ഞങ്ങളുടെ ആ സ്വപ്നത്തിന് ചിറകുമുളപ്പിക്കാൻ ഞങ്ങളുടെ കൂടെ കൂടിയ ആളാണ് സിയാദ് കോക്കർ. സിയാദ് ഈ സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹിച്ചു ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ പിന്നീട് ഞങ്ങളോടൊപ്പം ചേർന്നതാണ് പ്രിയ, മോഹൻലാൽ, വിദ്യാസാഗർ, സന്തോഷ് അങ്ങനെയുള്ള കലാകാരന്മാർ.


പക്ഷേ ആ സിനിമ തിയേറ്ററിലേക്ക് എത്തിയപ്പോൾ ഞങ്ങൾ ആഗ്രഹിച്ചത് പോലെ വേണ്ട രീതിയിൽ സ്വീകരിക്കപ്പെട്ടില്ല എന്നുള്ളത് ദുഃഖകരമായിരുന്നു. 1982–83 കാലഘട്ടത്തിൽ ഞാൻ കഥ എഴുതുമ്പോൾ ഏകദേശം ഒരു വർഷക്കാലം ആ സ്ക്രിപ്റ്റിൽ മാത്രം വർക്ക് ചെയ്തിരിക്കുകയായിരുന്നു. അന്ന് സംഭവിക്കാതെ പോയ ആ സിനിമ രണ്ടായിരത്തിൽ ചെയ്യുമ്പോൾ ഒരു വർഷക്കാലം വീണ്ടും എന്റെ കുടുംബത്തെ പോലും കാണാൻ പോകാതെ ഒരു വീട് എടുത്തു താമസിച്ചു റീ വർക്ക് ചെയ്യുകയായിരുന്നു. അത്രമാത്രം സമർപ്പണത്തോടെ ഞാൻ ചെയ്ത മറ്റൊരു സിനിമയും ഇല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും’ സിബി മലയിൽ പറഞ്ഞു.

ചിത്രത്തിലെ ഗാനങ്ങൾ ഒക്കെയും പ്രേക്ഷക പ്രശംസ കിട്ടിയ പാട്ടുകളാണ്. വിദ്യ സാഗർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വീണ്ടും ആ ഒരു താളം തിയേറ്ററിൽ കേൾക്കാം എന്ന പ്രതീക്ഷയിൽ ആണ് ഓരോ സിനിമ പ്രേമികളും.

Athul
Athul  
Related Articles
Next Story