പ്രേം നസീർ വായിലേക്ക് ഒഴിച്ചതിൽ ആസിഡ് ഉണ്ടായിരുന്നു; മനഃപൂർവ്വം ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ല; ശബ്ദം നഷ്ടമായതിനെ കുറിച്ച് കലാരഞ്ജിനി
മലയാളികൾക്ക് പ്രിയപ്പെട്ട താര സഹോദരിമാരാണ് ഉർവശി, കല്പന, കലാരഞ്ജിനി എന്നിവർ. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ മൂവരും വിസ്മയിപ്പിച്ചിട്ടുണ്ട്. കല്പനയും ഉർവശിയും സിനിമയിൽ സജീവമായിരുന്നെങ്കിലും കലാരഞ്ജിനി ചുരുക്കം ചില സിനിമകളിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയയാവുന്നത്. മുൻപ് പ്രേം നസീർ നായകനായ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ വെച്ചാണ് തനിക്ക് ശബ്ദം നഷ്ടമായതെന്നാണ് കലാരഞ്ജിനി പറയുന്നത്.
വർഷങ്ങൾക്ക് മുൻപ് സിനിമയിൽ അഭിനയിക്കുമ്പോഴാണ് സംഭവമുണ്ടാവുന്നത്. പ്രേം നസീറിനൊപ്പം ജോഡിയായി ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു. അതിൽ എന്റെ കഥാപാത്രത്തിന്റെ വായിൽ നിന്നും ചോര വരുന്ന രീതിയിൽ അഭിനയിക്കുന്നൊരു സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറിൽ വെളിച്ചെണ്ണ ഒഴിച്ചിട്ടാണ് ബ്ലെഡ് ആക്കുന്നത്. അന്നൊക്കെ സിനിമയിൽ രക്തമായി കാണിക്കുന്നത് അങ്ങനെയാണ്.
ആ സീനെടുക്കുമ്പോൾ കൂടെ നസീർ സാറും ഉണ്ട്. ഷോർട്ട് റെഡിയാവുമ്പോൾ രക്തം എന്റെ വായിലേക്ക് തരാമെന്ന് പറഞ്ഞ് നസീർ സാർ ഒഴിച്ച് തന്നു. അത് വായിലേക്ക് വന്നത് മാത്രമേ എനിക്കോർമ്മയുള്ളു. പിന്നെ പുകച്ചിൽ പോലെ എന്തോ സംഭവിച്ചു. എല്ലാവരും തുപ്പാനൊക്കെ പറഞ്ഞു. ഞാൻ തുപ്പുകയും ചെയ്തു. പക്ഷേ ഒന്നും പുറത്തേക്ക് വരുന്നതായി തോന്നിയില്ല.
ശരിക്കും സംഭവിച്ചത്, ആ പൗഡറിൽ വെളിച്ചെണ്ണ ഒഴിക്കുന്നതിന് പകരം ആസിഡാണ് ഒഴിച്ചത്. അസിസ്റ്റന്റ് മനഃപൂർവ്വം ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ എന്റെ വായിലെ സെൻസ് പോവുകയാണ് ചെയ്തത്. മാത്രമല്ല ശ്വാസനാളം ഡ്രൈയായി പോയി. അങ്ങനെയാണ് ശബ്ദം പോകുന്നത്. എനിക്കെന്ത് അസുഖം വന്നാലും ആദ്യം എഫക്ടാവുന്നത് ശബ്ദത്തെയായിരിക്കും. കുറേ ചികിത്സകളൊക്കെ ചെയ്‌തെങ്കിലും ശരിയായില്ല. പിന്നെ അതങ്ങ് പോവട്ടെ എന്ന് കരുതി.” എന്നാണ് കലാരഞ്ജിനി പറഞ്ഞത്.