'അന്യൻ' ഹിന്ദി റീമേക്ക് ഉണ്ടാവില്ല, നിർമ്മാതാവിന് വേണ്ടത് മറ്റൊന്ന്

ചിയാൻ വിക്രം നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘അന്യൻ’ ഹിന്ദി റീമേക്ക് ചെയ്യുന്നില്ലെന്ന് സംവിധായകൻ ശങ്കർ. രൺവീർ സിംഗിനെ നായകനാക്കി അപരിചിത് എന്ന പേരിൽ റീമേക്ക് ചെയ്യുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. നിർമ്മാതാവ് കൂടുതൽ നിർദേശങ്ങൾ മുന്നോട്ട് വച്ചതോടെ സിനിമ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് സംവിധായകൻ ശങ്കർ പറയുന്നത്.


”അന്യൻ ഹിന്ദി റീമേക്കായി അപരിചിത് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആ സിനിമ പ്രഖ്യാപിച്ച സമയത്ത് അതിലും വലിയ സിനിമകൾ ബോളിവുഡിലും മറ്റും റിലീസായി. ഇപ്പോൾ നിർമാതാവ് പറയുന്നത് അന്യനേക്കാൾ വലിയ സിനിമ ചെയ്യാനാണ്. അതുകൊണ്ട് ആ സിനിമ ഹോൾഡ് ചെയ്തിരിക്കുകയാണ്.”

”ഗെയിം ചെയ്ഞ്ചർ, ഇന്ത്യൻ 2 എന്നീ സിനിമകൾക്ക് ശേഷം വേണം ഇനി ആ സിനിമയിൽ എന്താണ് മാറ്റം വരുത്തേണ്ടതെന്ന് ആലോചിക്കാൻ. അത് അന്യൻ സിനിമയ്ക്കും മുകളിൽ നിൽക്കുന്ന ചിത്രമാകും” എന്നാണ് ശങ്കർ പറയുന്നത്. അതേസമയം, തന്റെ ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം ഒരുക്കാൻ താൽപര്യമില്ലെന്നും ശങ്കർ വ്യക്തമാക്കി.

”അന്യൻ, ശിവാജി, നായക് എന്നീ സിനിമകളുടെ രണ്ടാം ഭാ​ഗം കാത്തിരുന്ന പ്രേക്ഷകരുണ്ട്. ചിലപ്പോഴൊക്കെ എനിക്കും തോന്നും അങ്ങനെയൊരു തുടർഭാഗം ചെയ്യാമെന്ന്. എന്നാൽ വെറുതെ ഒരാവശ്യവുമില്ലാതെ രണ്ടാം ഭാഗം ചെയ്യരുതെന്നാണ് എനിക്കു പറയാനുള്ളത്.”


”ആ വിഷയം എന്നെ തൃപ്തിപ്പെടുത്തണം. അങ്ങനെ വന്നാൽ തീർച്ചയായും ഞാൻ രണ്ടാം ഭാഗം ചെയ്യും. ഇപ്പോൾ അങ്ങനെയൊരു കഥയും എന്റെ മനസിൽ വന്നിട്ടില്ല” എന്നാണ് ശങ്കർ പറയുന്നത്. നിലവിൽ കമൽ ഹാസനെ നായകനാക്കി ഒരുക്കിയ ഇന്ത്യൻ 2 ആണ് ശങ്കറിന്റെതായി തിയേറ്ററിലെത്താൻ പോകുന്നത്.

Athul
Athul  

Related Articles

Next Story