'കുറ്റകൃത്യം ചെയ്തവരോട് ഒരുപക്ഷേ ക്ഷമിച്ചേക്കാം, പക്ഷേ നിശ്ശബ്ദത പാലിച്ചവരോട് ഒരിക്കലും ക്ഷമിക്കില്ല': പ്രകാശ് രാജ്

മുംബൈ: സിനിമക്ക് അകത്തും പുറത്തും വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് നടൻ പ്രകാശ് രാജ്. പലപ്പോഴും അദ്ദേഹത്തിന്റെ വിമർശനങ്ങളും അഭിപ്രായങ്ങളും കുറിക്കുകൊള്ളാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ബോളിവുഡിലെ തന്റെ സഹപ്രവർത്തകരെക്കുറിച്ചാണ് അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ മൗനം പാലിക്കുന്ന അവരുടെ നിലപാടിനെയാണ് അദ്ദേഹം വിമർശിക്കുന്നത്. സർക്കാരിനെ വിമർശിക്കാൻ ധൈര്യപ്പെടാത്ത അവരുടെ നിലപാടുകളെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ വിഷയങ്ങളിൽ വിമുഖത കാണിക്കുന്ന ബോളിവുഡിന്റെ നിലപാടുകളെ അദ്ദേഹം വിമർശിച്ചത്.
സർക്കാരിന്റെ എതിർപ്പുകൾ മറികടന്ന് നിർമ്മാതാക്കൾ ചില സിനിമകൾ നിർമ്മിക്കാറുണ്ടെന്നും എങ്ങനെയാണ് അതിന് സാധിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. സർക്കാർ ചർച്ചകളെ അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങൾ നിർമ്മിക്കുന്ന ചിത്രത്തെ കുറിച്ച് പ്രവർത്തകർ ബോധവാന്മാരായിരിക്കുകയും അതിന്റെ പ്രദർശനത്തിന് വേണ്ടി പോരാടണമെന്നും അതിനുളള പ്രതിരോധ ശക്തിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വളരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം തന്റെ സഹപ്രവർത്തകരെക്കുറിച്ച് സംസാരിച്ചത്. പലർക്കും ഭയം ആണെന്നും ആ ഭയത്തെക്കുറിച്ച് അവർ തന്നോട് തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ അവരോട് ക്ഷമിക്കാൻ തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കാരണമായി ഭാവിയിൽ ചരിത്രം എഴുതുമ്പോൾ, കുറ്റകൃത്യം ചെയ്തവരോട് ഒരുപക്ഷേ ക്ഷമിച്ചേക്കാം, പക്ഷേ നിശ്ശബ്ദത പാലിച്ചവരോട് ഒരിക്കലും ക്ഷമിക്കില്ല. എല്ലാവരും ഉത്തരവാദികളാണ്,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കുട്ടികളെ ദുരുപയോഗം ചെയ്യുകയും അശ്ലീലം പ്രദർശിപ്പിക്കുകയും ചെയ്യാത്ത പക്ഷം ഒരു സിനിമയും നിരോധിക്കേണ്ടതില്ല എന്നാണ് പ്രകാശ് രാജിന്റെ പക്ഷം. ഫവാദ് ഖാൻ്റെ ‘അബിർ ഗുലാൽ’ എന്ന സിനിമ നിരോധിച്ചതിനെക്കുറിച്ചു പ്രതികരിക്കവേ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “ഒരു സിനിമയും നിരോധിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, അത് പ്രചാരണമാണെങ്കിൽ പോലും. അത് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതോ അശ്ലീലം പ്രചരിപ്പിക്കുന്നതോ അല്ലാത്തപക്ഷം, എന്തിനാണ് ഒരു സിനിമ നിർത്തേണ്ടത്? ആളുകൾ തീരുമാനിക്കട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ