'എല്ലാ ഉയർച്ചയിലും താഴ്ചയിലും, നീ എന്റെ ലോകമായിരുന്നു' ഹൃദയം തൊടുന്ന കുറിപ്പുമായി ഷംന കാസിം

ഭർത്താവ് ഷാനിദ് ആസിഫ് അലിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടി ഷംന കാസിം. മൂന്നാം വിവാഹ വാർഷികദിനത്തിൽ ഭർത്താവിനായി പ്രണയാർദ്രമായ കുറിപ്പെഴുതികൊണ്ടാണ് ഷംന വിവാഹ വാർഷിക ആശംസകൾ നേർന്നത്. കുറിപ്പിനൊപ്പം മനോഹരമായ വിഡിയോയും നടി പങ്കുവച്ചു. ഹാപ്പി നിക്കാഹ് ആനിവേഴ്സറി ഇക്കാ... എന്ന ആശംസയോടെയാണ് ഷംനയുടെ കുറിപ്പ് ആരംഭിക്കുന്നത്.
"മൂന്നു വർഷം പുഞ്ചിരിയിലും കൊടുങ്കാറ്റിലും ഒന്നിച്ചു വളർന്നു. നമ്മൾ തമ്മിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്, ചിലപ്പോൾ എന്റെ ചെറിയ ദേഷ്യങ്ങൾ പോലും വല്ലാതെ ബാധിച്ചിട്ടുണ്ട്. അതിൽ വളരെ വിഷമവുമുണ്ട്. പക്ഷേ, നിരാശയുടെ ഓരോ നിമിഷത്തിനും പിന്നിൽ, നിങ്ങളെ അനന്തമായി സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടെന്ന് ദയവായി അറിയുക.
നീ എന്റെ ഇക്കയാണ്, എന്റെ പങ്കാളിയാണ്, എന്റെ സമാധാനമാണ്, എന്റെ കുഴപ്പങ്ങളാണ്-ഇതെല്ലാം ചേരുന്നതാണ് നമ്മൾ. എല്ലാ ഉയർച്ചയിലും താഴ്ചയിലും, നീ എന്റെ ലോകമായിരുന്നു.
നിങ്ങളുടെ ക്ഷമയ്ക്കും സ്നേഹത്തിനും, എന്നിലുള്ള പ്രതീക്ഷകൾക്കും നന്ദി. ഇനിയുമുണ്ട് സ്നേഹത്തിന്റെയും ചിരിയുടെയും തിരിച്ചറിവിന്റെയും ഒരുപാട് വർഷങ്ങൾ. എന്തു വന്നാലും, ഞാൻ എപ്പോഴും നിന്നെ തിരഞ്ഞെടുക്കും, എല്ലാ ദിവസവും. സ്നേഹം മാത്രം ഇക്കാ, എന്നും എപ്പോഴും."-ഷംന കാസിമിന്റെ വാക്കുകൾ.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ടു നിരവധി മലയാള ചിത്രങ്ങളിൽ ഷംന തിളങ്ങി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഷംന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.