അഭിനയ കലയുടെ പെരുന്തച്ചന് ഇന്ന് 12ാം ഓർമ്മദിനം
അഭിനയ കലയുടെ പെരുന്തച്ചൻ സുരേന്ദ്രനാഥ് തിലകൻ ഓർമ്മയായിട്ട് ഇന്ന് 12 വർഷം തികയുന്നു. 2012 ഷൊർണൂരിൽ സിനിമ ഷൂട്ടിങ്ങിനിടെയാണ് തിലകൻ കുഴഞ്ഞുവീണത്. ആശുപത്രിയിൽ അബോധാവസ്ഥയിലിരിക്കെ സെപ്റ്റംബർ 24 നു അന്തരിക്കുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ മരിച്ചുവീഴണമെന്നായിരുന്നു തിലകന്റെ ആഗ്രഹം. ഒടുവിലെ ചില നാളുകളിൽ സിനിമ മേഖലയിൽ നിന്ന് വിലക്ക് നേരിട്ട് വിട്ടുനിന്നെങ്കിലും, ദുൽഖർ സൽമാന്റെ ഒപ്പം അഭിനയിച്ച ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ കരീമിക്കയെ മാത്രം മതി ആ നടന കുലപതി പ്രേഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കാൻ കാരണമെന്തെന്ന് അറിയാൻ.
പി.ജെ ആന്റണിയുടെ പെരിയാർ എന്ന സിനിമയിലൂടെയാണ് 1973 -ൽ ആണ് തിലകൻ തന്റെ അഭിനയ യാത്ര ആരംഭിക്കുന്നത്. ഇതിനു ശേഷം കോലങ്ങൾ (1981) എന്ന ചിത്രത്തിലെ കള്ളു വർക്കി എന്ന മദ്യപാനിയായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ നായക വേഷം. 1981-ൽ മമ്മൂട്ടി നായകനായി എത്തിയ കുറ്റാന്വേഷണ ചിത്രം യവനികയിലെ അഭിനയത്തിന് ആദ്യമായി സംസ്ഥാന അവാർഡ് നേടിയതിന് ശേഷമാണ് തിലകൻ അഭിനേതാവായി മാറിയത്. പിന്നീട് തന്റെ ബഹുമുഖമായ അഭിനയ രീതികൊണ്ടും സ്വതസിദ്ധമായ ഭാവങ്ങൾ കൊണ്ടും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി പിന്നീട് അദ്ദേഹം മാറി.
പെരുന്തച്ചൻ, ഋതുബേധം മൂന്നാംപക്കം ,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ , രണ്ടാം ഭാവം, കിരീടം ,ചെങ്കോൽ സന്ദേശം, നാടോടിക്കാറ്റ് , മൂക്കില്ല രാജ്യത്ത് , സ്പടികം, കണ്ണെഴുതി പൊട്ടും തൊട്ട് , പഴശ്ശിരാജാ ഒരു ഇടവേളക്ക് ശേഷം അഭിനയിച്ച ഇന്ത്യൻ റുപ്പീ , ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രെദ്ധേയമായതും ചർച്ച ചെയ്യപ്പെട്ടതുമാണ്.
"വ്യത്യസ്തരായ മനുഷ്യരെ പത്രങ്ങളിൽ കണ്ടാൽ അച്ഛൻ അതുമുറിച്ച് സൂക്ഷിക്കും.അടുത്ത സിനിമകളിൽ ആ രൂപം ഉപയോഗിക്കാൻ വേണ്ടിയായിരിക്കും അത്"- ഒരു അഭിമുഖത്തിൽ മകൻ ഷോബി തിലകൻ ഇങ്ങനെ അച്ഛനെ പറ്റി പറഞ്ഞ വാക്കുകളാണിവ.
അതായിരുന്നു നടൻ തിലകൻ.ഒരിക്കലും അദ്ദേഹം ചെയ്ത ഒരു കഥാപാത്രങ്ങളും ആവർത്തന വിരസത തോന്നിപ്പിക്കുന്നതായിരുന്നില്ല.
അച്ഛൻ- മക്കൾ ബന്ധം പറയുന്ന ചിത്രങ്ങളായ പെരുന്തച്ചൻ, കിരീടം, ചെങ്കോൽ, സ്പടികം, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മീനത്തിൽ താലികെട്ട് ,ചിന്താമണി കൊലക്കേസ് എന്നീ ചിത്രങ്ങളിലെ അഭിനയ പ്രകടനവും വേഷപ്പകർച്ചയും എടുത്ത് പറയേണ്ടവ ആണ് .
പെരുന്തച്ചനിലെ രാമൻ മനസ്സിൽ അസൂയയും തന്നെക്കാൾ വലിയവനെന്ന് മകനെ പുകഴ്ത്തുന്നത് കേട്ട് മകന്റെ കഴുത്തിലേക്ക് കത്തിയെറിയാൻ മടിക്കാത്ത ഒരു അച്ഛനാണ്. അതിലെ തച്ചനായി തിലകൻ വരുമ്പോൾ ആ കഥാപാത്രം തിലകന് വേണ്ടി മാത്രമായി സൃഷ്ടിച്ചതെന്ന് തോന്നിപോകും. കിരീടത്തിലെ അച്യുതൻ നായർ മകൻ പോലീസ് ഇൻസ്‌പെക്ടർ ആയി കാണാൻ അതിയായി ആഗ്രഹിച്ചു, ഒടുവിൽ ഒരു കൊലപാതകി ആയി മാറുമ്പോൾ "നിന്റെ അച്ഛനാടാ പറയുന്നെ കത്തിതാഴെയിടടാ" എന്ന് തിലകൻ ഓരോ തവണയും ആവർത്തിച്ചു പറയുമ്പോൾ പോലീസുകാരന്റെ ആജ്ഞയും, അച്ഛന്റെ അധികാരവും കടന്ന് ഒരച്ഛന്റെ നിസ്സഹായാവസ്ഥയുടെ വൈകാരിക രൂപമായി ആ കഥാപാത്രം മാറിമാറിവരുന്നത് കാണാൻകഴിയും. സ്പടികത്തിലെ കർക്കശക്കാരനായ അച്ഛൻ ഒടുവിൽ മകന്റെ സ്നേഹത്തിനു മുന്നിൽ മുട്ടുമടക്കുന്ന ചാക്കോ മാഷിനെ മലയാളികൾ ഒരിക്കലും മറക്കാൻ വഴിയില്ല.മീനത്തിലെ താലികെട്ടിലെ ദിലീപിന്റെ അച്ഛനായ ഗോവിന്ദൻ നമ്പീശനും ആജ്ഞാശക്തിയുടെ അച്ഛനാണ്. നരസിംഹത്തിലെ ജസ്റ്റിസ് എംകെ മേനോൻ അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ എല്ലാം മാറ്റിവെച്ചു നിയമ വ്യവസ്ഥയിൽ നിന്നുകൊണ്ട് മകനെ വരെ ശിക്ഷിക്കുന്ന അച്ഛനെ കാണാൻ കഴിയും. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ അഭിനയത്തികവിന്റെ പര്യായമാണ്. അപ്പനാണോ മകനാണോ മികച്ച നടൻ എന്ന ചോദ്യവുമായി ചിത്രത്തിന്റെ അവസാനം ഒരു ഡയലോഗുണ്ട്.' ഇപ്പഴാടാ നീയൊരു നായകനായതെന്ന് തിലകൻ പറയുമ്പോൾ പക്ഷേ നല്ലനടൻ ഇപ്പോഴും അപ്പൻ തന്നെയാണെന്ന് ജയറാമിന്റെ മറുപടി' കൊച്ചുതോമക്കുള്ള സർട്ടിഫിക്കറ്റ് അല്ല. യഥാർത്ഥത്തിൽ തിലകൻ എന്ന നടന് സ്വന്തമാണ് അത്.
വേഷപ്പകർച്ചയിൽ തിലകന്റെ കൈകളിൽ കോമഡി വേഷങ്ങളും ഭദ്രമാണ്. മൂക്കില്ല രാജ്യത്തെ മെന്റൽ ആശുപത്രിയിൽ നിന്ന് ഓടിവന്ന 4 ഭ്രാന്തന്മാരിൽ തിലകൻ ചെയ്ത കേശവൻ എന്ന കഥാപാത്രം നമ്മളെ ഒരേ തവണ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ്. അതേ സമയം ക്രൂരതയുടെ പര്യായമായി കണ്ടിട്ടുള്ള കള്ളക്കടത്തുകാരൻ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചതിന്റെ ഉദാഹരണമാണ് നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാർ എന്ന പേടിത്തൊണ്ടനായ കള്ളക്കടത്തുകാരന്റെ വേഷം.
സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ബോംബെ ശിവസേനയെ വരെ വിറപ്പിച്ച ദാമോദർജി, നഗരങ്ങളിൽ ചെന്ന് രാപാർക്കാമിലെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച വില്ലൻ കഥാപാത്രമായ എം ആർ സി , ചക്കിക്കൊത്ത ചങ്കരനിലെ രാഘവൻ തമ്പി , മിന്നാരത്തിലെ റീടൈർഡ് ഐ ജി മാത്യൂസ് ,പപ്പൻ പ്രിയപ്പെട്ട പാപ്പാനിലെ കാലൻ കഥാപാത്രവും തിലകന്റെ ഉള്ളിലെ കോമേഡിയനെ ഉണർത്തിയ കഥാപാത്രങ്ങളാണ്.
തിലകന്റെ അപ്പൂപ്പൻ കഥാപാത്രങ്ങളിലെ എടുത്ത് paraynda മൂന്നു കഥാപാത്രങ്ങളാണ് മൂന്നാംപക്കത്തിലെ പേരക്കുട്ടിയെ നഷ്ടപെടുന്ന തമ്പി. " ഞാനിന്നലെ അവനെ സ്വപ്നത്തിൽ കണ്ടു , നീന്തി വരുന്നു , അവനെങ്ങും പോയിട്ടില്ല എവിടെയോ ഉണ്ട് " എന്ന ആ കഥാപാത്രം സിനിമയുടെ അവസാനം പറയുമ്പോൾ കണ്ടിരിക്കുന്നവരുടെ ഉള്ളു പെടയും.
മൈ ഡിയർ മുത്തശ്ശനിലെ മുത്തശ്ശൻ വളരെ കൂൾ ആണ് .സ്വന്ത ബന്ധങ്ങൾ നഷ്ടമായെങ്കിലും എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന മുത്തശ്ശൻ. എന്നാൽ അവസാനമിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ കരീമിക്ക പേരക്കുട്ടി ഫൈസിക്ക് വഴികാട്ടിയായി മാറുന്നു.
പല വില്ലിൻ കഥാപാത്രങ്ങളും തിലകന്റെ കയ്യിൽ ഭദ്രമായിരുന്നു .കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ നടേശൻ മുതലാളി അതിൽ ഏറെ വ്യത്യസ്ത ഉള്ള വില്ലൻ കഥാപാത്രമായിരുന്നു. ആ പ്രായത്തിലും റൊമാൻസ് വളരെ എളുപ്പത്തിൽ തന്നെ തിലകൻ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചു എന്ന തന്നെ പറയാം. തമിഴിലും അദ്ദേഹം ചെയ്ത വില്ലൻ കഥാപാത്രം ഇന്നും ഓർത്തിരിക്കുന്ന ഒന്നാണ്. 1990- ൽ വിജയകാന്തിന്റെ വില്ലനായി ക്ഷത്രിയൻ എന്ന ചിത്രത്തിലെ മരണ മാസ് അരുമൈ നായകം എന്ന വില്ലൻ എപ്പോളും മായാതെ മനസ്സിൽ നിൽക്കും.
എങ്കിലും അവസാന നാളുകളിൽ അദ്ദേഹത്തെ സിനിമ മേഖലയിൽ നിന്ന് വിലക്കിയത് മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് സമ്മാനിച്ചത് . എല്ലായിടത്തുംമടിയില്ലാതെ തന്റെ നിലപാട് വെക്തമാക്കിയതിൽ ഉള്ള മാറ്റി നിർത്തൽ ആയിരുന്നു ഈ വിലക്കിനു കാരണം . ഒരിക്കൽ തിലകൻ ഇങ്ങനെ പറഞ്ഞു
" ഞാൻ മാറിനിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകർക്കാണ് നഷ്ടം".
ശെരിയാണ് യഥാർത്ഥത്തിൽ അവിടെ തോറ്റത് മലയാള സിനിമ സംഘടനയും , പ്രേഷകരുമായിരുന്നു.!
അഭിനയ കുലപതിക്കു പ്രണാമം.