കാൻ വേദിയിൽ വികാരഭരിതനായി ടോം ക്രൂസ്

ലോകമെമ്പാടുമുള്ള ടോം ക്രൂസ് ആരാധകർ മിഷൻ ഇംപോസിബിൾ ദ ഫൈനൽ റെക്കനിംഗിന്റെ റിലീസിനായി കാത്തിരിക്കുകയാണ് . ആഗോള റിലീസിന് മുന്നോടിയായി കാൻ ചലച്ചിത്ര മേളയിൽ നടന്ന വേൾസ് പ്രീമിയർ പ്രദർശനത്തിന് ശേഷം ആരാധകർ അഞ്ച് മിനിറ്റ് നേരമാണ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്. മരണത്തെ വെല്ലുവിളിക്കും വിധമുള്ള ടോം ക്രൂസിന്റെ സ്റ്റണ്ട് സീക്വൻസുകൾക്ക് വലിയ കയ്യടിയാണ് ആരാധകരിൽ നിന്നും ലഭിച്ചത്. 40 പേരടങ്ങുന്ന ഒരു ഓർക്കസ്ട്ര ഫ്രാഞ്ചൈസിയുടെ ഐകോണിക് തീം സോങ് അവതരിപ്പിച്ചുകൊണ്ടാണ് പ്രീമിയർ ആരംഭിച്ചത്.

എന്നാൽ ചിത്രത്തിന് ദൈർഘ്യം കൂടുതൽ ഉള്ളതായി ആരാധകർ വിമർശിക്കുന്നുമുണ്ട്. എന്തു തന്നെ ആയാലും aടോം ക്രൂസിന്റെ സ്റ്റണ്ട് രംഗങ്ങൾക്ക് ലഭിക്കുന്ന കയ്യടി ഒന്ന് വേറെ തന്നെയാണ്. 62-ാം വയസിലാണ് ബോക്‌സർ ബ്രീഫ‌് മാത്രം ധരിച്ച് അന്തർവാഹിനിയിൽ മുന്ന് മിനിറ്റ് നീണ്ടു നിൽക്കുന്ന സ്റ്റണ്ട് സീക്വൻസ് അദ്ദേഹം ചിത്രീകരിച്ചത്. അതേ വേഷത്തിൽ

വെള്ളത്തിനടിയിൽ നടക്കുന്ന ഫൈറ്റ് സീക്വൻസുകളും ചിത്രത്തിലുണ്ട്.

കാൻ വേദിയിലെ പ്രദർശനത്തിന് ശേഷം വികാരഭരിതനായ ടോം ക്രൂസ് ആരാധകരുമായി സംസാരിച്ചു. ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫർ മറിയും വേദിയിൽ സംസാരിച്ചു. "ഈ പ്രതിരണങ്ങൾ കാരണമാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. നിങ്ങൾ കാരണമാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. ഈ ബിഗ് സ്ക്രീൻ അനുഭവത്തിന് വേണ്ടിയാണിത് ചെയ്യുന്നത്. ഈ സിനിമകൾ ഏഴ് വർഷം കൊണ്ട് ചെയ്തതാണ്. അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും കഠിനാധ്വാനമില്ലാതെ ഇത് സാധ്യമാകില്ലായിരുന്നു", എന്നാണ് സംവിധായകൻ പറഞ്ഞത്.

"ഒരു കുട്ടിയായിരിക്കുമ്പോൾ ഞാൻ എവിടെയും ഉൾപ്പെട്ടിരുന്നില്ല. ഞാൻ വളർന്ന് എന്റെ സ്വന്തം ആക്ഷൻ ഫിഗറിനെ കണ്ടെത്തി. കാനിൽ വരാനും ഈ നിമിഷം അനുഭവിക്കാനും സാധിച്ചതിൽ സന്തോഷം. ഒരു കുട്ടി എന്ന നിലയിൽ ഞാൻ ഒരിക്കലും ഇങ്ങനെയൊന്ന് സ്വപ്‌നം കണ്ടിരുന്നില്ല. മറിക്കൊപ്പം ഒരുപാട് സിനിമകൾ ഇനിയും ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്", ടോം ക്രൂസ് പറഞ്ഞു.

മെയ് 17നാണ് മിഷൻ ഇംപോസിബിൾ : ദ ഫൈനൽ റെക്കനിംഗ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. മെയ് 23നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഈ ഫ്രാഞ്ചൈസിന്റെ എട്ടാം ഭാഗമാണിത്. മിഷൻ ഇംപോസിബിൾ സീരീസിന്റെ അവസാനഭാഗമാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles
Next Story