ടോക്സിക് റിലീസ് തീയതി നീട്ടി,ആരാധകരെ നിരാശയിലാഴ്ത്തി പുതിയ പ്രഖ്യാപനം
വൻ താരനിരയും പ്രതീക്ഷകളും അടങ്ങുന്ന 600 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രീ-റിലീസ് ബിസിനസ്സിലൂടെ തന്നെ വൻ തുക സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ.

കെജിഎഫ് 2വിന് പിന്നാലെ സൂപ്പർ താരം യഷ് നായകനായി എത്തുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി.മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.. എന്നാൽ ആരാധകരെ നിരാശയിലാഴ്ത്തിയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.റിലീസ് മാറ്റാൻ കാരണമെന്ത്? എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ചോദിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും അനിശ്ചിതത്വവുമാണ് റിലീസ് നീട്ടിവെക്കാനുള്ള പ്രധാന കാരണമായി നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ആഗോളതലത്തിൽ വമ്പൻ റിലീസ് ലക്ഷ്യമിടുന്ന ചിത്രമായഅതുകൊണ്ടുതന്നെ , വിദേശ വിപണികളിലെ പ്രതിസന്ധി സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന 'ടോക്സിക്', എല്ലാ പ്രേക്ഷകരിലേക്കും ഒരുപോലെ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അണിയറപ്രവർത്തകർ പ്രസ്താവനയിൽ പറയുന്നു . അതിനാൽ 2026 ജൂൺ 4-ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
വൻ താരനിരയും പ്രതീക്ഷകളും അടങ്ങുന്ന 600 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രീ-റിലീസ് ബിസിനസ്സിലൂടെ തന്നെ വൻ തുക സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാള താരം ടൊവിനോ തോമസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 1940-കൾ മുതൽ 1970-കൾ വരെയുള്ള കാലഘട്ടത്തിലെ ഗോവയിലെ അധോലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാകും
മാർച്ച് 19-ന് റിലീസ് നിശ്ചയിച്ചിരുന്നതിനാൽ രൺവീർ സിംഗ് ചിത്രം 'ധുരന്ദർ 2'-വുമായി ടോക്സിക് ഏറ്റുമുട്ടുമെന്ന് കരുതിയിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഈ വലിയ ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാകുകയും രണ്ട് ചിത്രങ്ങൾക്കും കൂടുതൽ സ്ക്രീനുകൾ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു. യഷിന്റെ കരിയറിലെ 19-ാമത്തെ ചിത്രമായ ടോക്സിക്കിനായി നാല് വർഷമായി ആരാധകർ കാത്തിരിക്കുകയാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. ഐമാക്സ് , 4DX ഫോർമാറ്റുകളിലും ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും .
