'മറ്റ് സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്': മാളവിക മോഹൻ

ഏറെ നാളത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഹൃദയപൂർവ്വം അണിയറയിൽ ഒരുങ്ങുകയാണ്. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായിക. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക ആയാണ് മാളവിക അഭിനയത്തിലേക്ക് അരങ്ങേറുന്നത്. എന്നാൽ ചിത്രം തിയേറ്ററിൽ പരാജയമായിരുന്നു. ഇപ്പോൾ ആ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് മാളവിക മോഹൻ. ചിത്രത്തിൽ നായികയായപ്പോൾ ഒരുപാട് പേർ ഒപ്പമുണ്ടായിരുന്നു എന്നും എന്നാൽ പരാജയപ്പെട്ടപ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന് ആരും പറഞ്ഞു തന്നില്ലെന്നും മാളവിക പറയുന്നു. കൂടാതെ തന്നെ നിരത്തിന്റെയും രൂപത്തിന്റെയും പേരിൽ കളിയാക്കിയെന്നും മലയാളത്തിലെ ട്രോളുകൾ വളരെ ക്രൂരമാണെന്നും മാളവിക ആരോപിക്കുന്നു.
‘ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു ആ സിനിമയിൽ. ദുൽഖറിൻ്റെ നായിക, അച്ഛനെപ്പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ‘ യിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി.
പക്ഷെ, സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയില്ലായിരുന്നു.
സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാട് പേർ ഒപ്പമുണ്ടാകും. പക്ഷേ, പരാജയപ്പെടുമ്പോൾ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാൽ ചുരുക്കം പേരെ അറിയൂ. അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാൽ അതൊരു ‘പബ്ലിക്’ പരാജയം ആണ്.
സോഷ്യൽ മീഡിയയും വെറുതെ ഇരുന്നില്ല. വലിയ ആക്രമണം നടന്നു. മറ്റ് സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ തൊലി വെച്ചു പിടിപ്പിച്ച പോലെ എന്നുവരെ കമന്റുകൾ വന്നു. എൻ്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം,’ മാളവിക പറയുന്നു.