29മത് IFFK രാജ്യാന്തര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ
മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ അടുത്തിടെ ഹിറ്റായ ‘കിഷ്കിന്ധ കാണ്ഡം’ തിരഞ്ഞെടുക്കപ്പെട്ടു
29-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) ഇൻ്റർനാഷണൽ കോംപറ്റീഷൻ വിഭാഗത്തിൽ മലയാള സിനിമകളായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയും ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറവും തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഡിസംബർ 13- 20 വരെയാണ് iffk നടക്കുക. ചലച്ചിത്ര നിർമ്മാതാവ് ജിയോ ബേബിയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് പി എസ് റഫീഖ്, നടി ദിവ്യ പ്രഭ, ചലച്ചിത്ര നിർമ്മാതാക്കളായ വിനു കോളിച്ചാൽ, ഫാസിൽ റസാഖ് എന്നിവരടങ്ങിയ സമിതിയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിൻ്റെ ഭാഗമാകുന്ന 12 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. വി.സി.അഭിലാഷിൻ്റെ എ പാൻ ഇന്ത്യൻ സ്റ്റോറി, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, അഭിലാഷ് ബാബുവിൻ്റെ മയുന്നു മാറിവരയുന്നു നിശാശ്വതങ്ങളിൽ, ശോഭന പടിഞ്ഞാട്ടിലിൻ്റെ ഗേൾഫ്രണ്ട്സ്, കെ റിനോഷിൻ്റെ വെളിച്ചം തേടി, ദിൻജിത്ത് അയ്യത്താൻ്റെ കിഷ്കിന്ധ കാണ്ഡം, മിഥുൻ മുരളിയുടെ കിസ് വാഗൺ, ജിതിൻ ഐസക് തോമസിൻ്റെ പാത, ആർകെ കൃഷന്ദിൻ്റെ സംഘർഷ ഗദന, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവരുടെ മുഖക്കണ്ണാടി, ജെ ശിവരഞ്ജിനിയുടെ വിക്ടോറിയ, സിറിൽ അബ്രഹാം ടെന്നീസിന്റെ വാട്സി zombie. എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിന് കീഴിൽ പ്രദർശിപ്പിക്കുന്നത് . തിരഞ്ഞെടുക്കപ്പെട്ട 14 സംവിധായകരിൽ എട്ട് പേരും നവാഗതരാണ്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ വർഷത്തെ ഓണം ബ്ലോക്ക്ബസ്റ്റർ കിഷ്കിന്ധ കാണ്ഡം ഇതിൽ ഒന്നാണ് . സെപ്തംബർ 12 ന് റിലീസ് ചെയ്ത ചിത്രം നിരൂപകരിൽ നിന്നും സാധാരണ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത് .