പാർവതിക്ക് നന്ദി, ക്രിസ്റ്റോ ടോമിയോട് ക്ഷമ ചോദിക്കുന്നു; പുരകസ്കാര നിറവിൽ ഉർവശി
കൊച്ചി ∙ കൂടെ അഭിനയിച്ച പാർവതി തിരുവോത്തിന് നന്ദി പറഞ്ഞും സംവിധായകൻ ക്രിസ്റ്റോ ടോമിയോട് ‘ക്ഷമ ചോദിച്ചും’ ഉർവശി. പാർവതിയുള്ളത് കൊണ്ടാണ് അത്ര നന്നായി അഭിനയിക്കാൻ പറ്റിയത്. പാര്‍വതിയും അത്രയും പ്രകടനമാണ് നടത്തിയത് ഉർവശി പറഞ്ഞു. ഉർവശിയും പാര്‍വതിയും മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്കിലെ പ്രകടനത്തിനാണ് ഉർവശി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ ഉള്ളൊഴുക്കിലെ അഭിയനം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ഉർവശി പറഞ്ഞു. ‘‘ഒരുപാടു കാലം എനിക്കു വേണ്ടി കാത്തിരുന്നു. എന്നിട്ടും ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായി. വെറി സോറി ക്രിസ്റ്റോ. ഈ പുരസ്കാരം ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ്’’, ഉർവശി പറഞ്ഞു.
ശാരീരികമായും മാനസികമായുമൊക്കെ വലിയ പ്രയാസങ്ങൾ അനുഭവിച്ചാണ് ഉള്ളൊഴുക്കം ചെയ്തതെന്നും ഉര്‍വശി വ്യക്തമാക്കി. അരയ്ക്കൊപ്പം വെള്ളമാണ്. രാവിലെ മുതൽ വൈകിട്ട് ഷൂട്ടിങ് കഴിയുന്നതു വരെ അതിലാണ് നിൽക്കുന്നത്. 46 ദിവസവും കരഞ്ഞുകൊണ്ടിരിക്കാൻ പറ്റില്ല എന്നു ഞാൻ ഡയറക്ടറോട് പറഞ്ഞിരുന്നു. എന്നാൽ ചേച്ചിക്ക് ഇഷ്ടമുള്ളതു പോലെ ചെയ്തു കൊള്ളാൻ ഡയറക്ടർ പറഞ്ഞു. കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കരയാതെ പിടിച്ചുനിൽക്കൽ എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്, ഉർവശി പറഞ്ഞു.