ബാറുകളിലെ ഡ്രൈ ഡേ നീക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു രംഗത്ത്

ബാറുകളിലെ ഡ്രൈ ഡേ നീക്കണമെന്ന് ആവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു രംഗത്ത്. ഒന്നാംതീയതികളിൽ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സർക്കാർ നയം പുനഃപരിശോധിക്കണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം. ഞായറാഴ്ചയാണ് ഈ ആവശ്യം ഉന്നയിച്ച് താരം ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഞായറാഴ്ച ഒന്നാം തീയതി ആയിരുന്നതിനാൽ ബാറുകൾ അവധി ആയിരുന്നു. ആ അവസരത്തിലാണ് താരം ഫേസ്ബുക് കുറിപ്പ് പങ്കു വച്ചത്.
'ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സർക്കാർ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎൽ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?', വിജയ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.
ഡ്രൈഡേകളിൽ മദ്യംവിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിക്കാൻ സർക്കാരിൻ്റെ പുതിയ മദ്യനയത്തിൽ നിർദേശമുണ്ടായിരുന്നു. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ, കൂടിച്ചേരലുകൾ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ എന്നിവയ്ക്കാണ് അനുമതി. ഒന്നാംതീയതി ഡ്രൈ ഡേയിൽ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളിൽ അനുമതിയില്ല