വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിര്‍ത്തെഴുന്നേല്‍പ്പായി ' തലൈവന്‍ തലൈവി ' !
വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിര്‍ത്തെഴുന്നേല്‍പ്പായി ' തലൈവന്‍ തലൈവി ' !

തലൈവന്‍ തലൈവിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മക്കള്‍ സെല്‍വം വിജയ് സേതുപതി.അനക്കമില്ലാതെ കിടന്ന ബോക്‌സ് ഓഫീസുകളെ പിടിച്ചു കുലുക്കുകയാണ് താരത്തിന്റെ ചിത്രം.
വിജയ് സേതുപതി , നിത്യാ മേനോന്‍ - എന്നിവര്‍ ജോഡികളായ ' തലൈവന്‍ തലൈവി ' ലോകമെമ്പാടും കത്തിക്കയറി ബോക്സ് ഓഫീസില്‍ തൂത്തു വാരുമ്പോള്‍ ഈ സിനിമ ' സാര്‍ മാഡം ' എന്ന പേരില്‍ തെലുങ്ക് മാട്ടലാടി (സംസാരിച്ച് ) ആഗസ്റ്റ് 1 മുതല്‍ ആന്ധ്രയിലും , തെലുങ്കാനയിലും റിലീസാവുകയാണ്. 2024 പുറത്തിറങ്ങിയ മഹാരാജ എന്ന ചിത്രത്തിനുശേഷം താരത്തിന്റെ സിനിമകള്‍ ബോക്ബസ്റ്റര്‍ വിജയങ്ങള്‍ നേടിയിരുന്നില്ല.എന്നാല്‍ ഈ സിനിമയുടെ ആഗോള വിജയം .
നായകന്‍ വിജയ് സേതുപതിയുടെയും സംവിധായകന്‍ പാണ്ഡിരാജിന്റെയും ശക്തമായ തിരിച്ചു വരവിന്റെയും
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സിനിമയെന്ന് വിശേഷിപ്പിക്കാം.വെട്രിമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിടുതലൈ പാര്‍ട് 2 കാര്യമായ വിജയം നേടിയിരുന്നില്ല.2025 ല്‍ അറുമുഖ കുമാര്‍ സംവിധാനം ചെയ്ത ഏസിനും ബോക്സ് ഓഫീസില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല.അതുകൊണ്ട് താരത്തിന്റെ വമ്പന്‍ തിരിച്ചുവരവ് തന്നെയാണ് തൈലൈവന്‍ തലൈവിയിലൂടെ താരത്തിനുണ്ടായിരിക്കുന്നത്.വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ്ങും കളക്ഷനുമാണ് ചിത്രം നേടിയിരിക്കുന്നത്.
റിലീസിന്റെ ആദ്യത്തെ ഒരാഴ്ച്ച പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ കളക്ഷന്‍ മാത്രം ആഗോള തലത്തില്‍ അമ്പതു കോടി താണ്ടുമെന്നന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംവിധായകന്‍ പാണ്ഡിരാജിനും ഇത് ശക്തമായ തിരിച്ചു വരവിന്റെ ചിത്രം. സൂര്യ നായകനായ ' എതര്‍ക്കും തുനിന്തവന്‍ ' ആയിരുന്നു പാണ്ഡിരാജിന്റെ ഒടുവിലത്തെ ചിത്രം. ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ബോക്സ് ഓഫീസില്‍ കീഴടങ്ങിയ ' എതര്‍ക്കും തുനിന്തവന്‍ ' റിലീസ് ചെയ്ത് മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ' തലൈവന്‍ തലൈവി ' യിലൂടെ പാണ്ഡിരാജും തന്റെ ഗ്രാഫ് ഉയര്‍ത്തി ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കയാണ്. തമിഴിലെ മുന്‍ നിര നിര്‍മ്മാതാക്കളായ സത്യ ജ്യോതി ഫിലിംസിനും തങ്ങളുടെ കിരീടത്തില്‍ പൊന്‍ തൂവല്‍ അണിയിച്ചിരിക്കയാണ്
'തലൈവന്‍ തലൈവി'. സ്ഥിരം നിര്‍മ്മാതാക്കളായ ഇവരുടെ ക്രെഡിറ്റില്‍ അജിത്തിന്റെ ' ബോക്സ് ഓഫീസ് സ്ട്രോം ' ആയ ' വിശ്വാസം ' എന്ന സിനിമക്ക് ശേഷം വലിയ വിജയങ്ങള്‍ ഒന്നും ഇല്ല. അതിനു ശേഷം നിര്‍മ്മിച്ച പട്ടാസ്, അന്‍പറിവ്, മാരന്‍, വീരന്‍, ക്യാപ്ടന്‍ മില്ലര്‍ എന്നീ സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. സത്യ ജ്യോതി ഫിലിംസിനും ഊര്‍ജ്ജം പകര്‍ന്നിരിക്കയാണ് ' തലൈവന്‍ തലൈവി '. ശിവ കാര്‍ത്തികേയന്‍, വിഷ്ണു വിശാല്‍ ഉള്‍പ്പെടെയുള്ള മുന്‍ നിര നായകന്മാര്‍ അഭിനയിക്കുന്ന നാലു സിനിമകളാണ് നിര്‍മ്മാണത്തിലുള്ളത്. ഏതായാലും കുടുംബ സദസ്സുകള്‍ ഏറ്റെടുത്ത ' തലൈവന്‍ തലൈവി ' യുടെ മഹാവിജയം, ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് മാത്രമല്ല തമിഴ് ഇന്‍ഡസ്ട്രിക്കും കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കയാണ്.
ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍ ആര്‍. കെ .സുരേഷ് , യോഗി ബാബു,' പരുത്തി വീരന്‍ ' ശരവണന്‍ , കാളി വെങ്കട്ട്, ചെമ്പന്‍ വിനോദ് ജോസ്, സെന്‍ട്രായന്‍ , അരുള്‍ ദാസ്, വിനോദ് സാഗര്‍, മയാ നന്ദിനി, രോഷിണി ഹരി പ്രിയ, ദീപാ ശങ്കര്‍ , ജാനകി സുരേഷ് എന്നിവരാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. നവാഗതരായ എച്ച് എം അസോസിയേറ്റ്സാണ് ' തലൈവന്‍ തലൈവി ' യുടെ കേരളത്തിലെ വിതരണക്കാര്‍. രജനിയുടെ ' കൂലി ' യാണ് ഇവരുടെ അടുത്ത റിലീസ് .
സി. കെ. അജയ് കുമാര്‍,